പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിക്ക് കർശന ശിക്ഷ വിധിച്ചു.പ്രതിക്ക് 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ക്യൂ.എസ്.എസ് വെളിച്ചം നഗർ 86ല്‍ അനീഷി(37) നെയാണ് കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷല്‍ ജഡ്ജി എ. സമീർ ശിക്ഷിച്ചത്.2019 ജൂണ്‍ രണ്ട് മുതല്‍ പല ദിവസങ്ങളിലായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റത്തിനാണ് ഇയാളെ കോടതി ശിക്ഷിച്ചത്. പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടി വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടിയില്‍ നിന്ന് പീഡനവിവരം മനസ്സിലാക്കിയ സുഹൃത്ത് വിവരം പെണ്‍കുട്ടിയുടെ സഹോദരനെ അറിയിച്ചതോടെ സി.ഡബ്ല്യു.സിയില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പള്ളിത്തോട്ടം പൊലീസ് അതിജീവിതയുടെ മൊഴിയില്‍ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്നത്തെ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആയിരുന്ന ദേവരാജന്റെ നിർദേശപ്രകാരം എസ്.ഐ പി. പ്രദീപാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ഇവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ കൃഷ്ണകുമാർ, അനിലാകുമാരി, സജയൻ, രാധാകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘം ശാസ്ത്രീയ തെളിവുകളും മറ്റ് അനുബന്ധ തെളിവുകളും ശേഖരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് കുറ്റകൃത്യങ്ങള്‍ കോടതിയില്‍ തെളിയിക്കാൻ സഹായകമായത്.കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്തദിവസം തന്നെ പ്രതിയെ പിടികൂടിയെങ്കിലും മൂന്ന് മാസം റിമാൻഡില്‍ കഴിഞ്ഞ ശേഷം ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് 2024 സെപ്റ്റംബറില്‍ ഇയാള്‍ പിടിയിലായെങ്കിലും വീണ്ടും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍പോയി. തുടർന്ന് പള്ളിത്തോട്ടം ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തില്‍ എസ്.ഐ നജീബ്, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ അഭിലാഷ്, സജിത്ത്, വിനീത് എന്നിവരടങ്ങിയ സംഘം ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത ഹാജരായി.
കുട്ടിക്കെതിരായ ക്രൂര ലൈംഗികാതിക്രമം; പ്രതിക്ക് 40 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
