നാടുകടത്തൽ നേരിടുന്ന കുടുംബത്തിന് സംരക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ കുടുംബത്തിലെ ആറ് പേരെ പൗരത്വ അവകാശവാദം സ്ഥിരീകരിക്കുന്നതുവരെ പാകിസ്താനിലേക്ക് നാടുകടത്തരുതെന്ന് സുപ്രീം കോടതി. കുടുംബാംഗങ്ങളുടെ പാസ്‌പോർട്ടുകൾ, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും മറ്റ് പ്രസക്തമായ രേഖകളും പരിശോധിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.അന്തിമ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ഇവര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഈ കേസിലെ പ്രത്യേക വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുന്നതുവരെ അധികാരികൾക്ക് നിർബന്ധിത നടപടി സ്വീകരിക്കാൻ കഴിയില്ല. അന്തിമ തീരുമാനത്തിൽ ഹരജിക്കാർക്ക് അതൃപ്തിയുണ്ടെങ്കിൽ അവർക്ക് ജമ്മു കശ്മീർ ഹൈകോടതിയെ സമീപിക്കാം. ഉത്തരവ് ഒരു കീഴ്വഴക്കമായി കണക്കാക്കരുതെന്നും ബെഞ്ച് പറഞ്ഞു.പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്താനിലേക്ക് നാടുകടത്തല്‍ നേരിടുകയാണ് കശ്മീരില്‍ താമസിക്കുന്ന കുടുംബം. മാനുഷിക പരിഗണനയുള്ള വിഷയമാണിതെന്നാണ് കോടതിയുടെ നിരീക്ഷണം. സാധുവായ പാസ്‌പോര്‍ട്ടുകളും ആധാര്‍ കാര്‍ഡുകളും കുടുംബത്തിനുണ്ടെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എല്ലാ രേഖകളും പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്നും ബെഞ്ച് അധികാരികളോട് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *