സ്ഥിരം നിയമനം നേടിയവരെ കരാർ ജോലിക്കാരാക്കാനാകില്ല; സുപ്രീം കോടതി

ന്യൂഡൽഹി ∙ സ്ഥിരം നിയമനത്തിനായി പരസ്യം നൽകി തിരഞ്ഞെടുത്ത ഉദ്യോഗാർഥിയെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതു നിയമലംഘനവും ഭരണഘടനാ വിരുദ്ധവുമാണെന്നു സുപ്രീം കോടതി .അലഹാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസി. പ്രഫസർ പദവിയിൽ സ്ഥിര നിയമത്തിനുള്ള പരസ്യം കണ്ട് അപേക്ഷ നൽകിയ അധ്യാപകനാണു കരാർ അടിസ്ഥാനത്തിൽ ജോലി നൽകിയതു ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചത്.2013 ൽ ആണു സ്ഥാപനത്തിലെ അധ്യാപക പദവിയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 13 പേരെ സ്ഥിരനിയമനത്തിനു ശുപാർശ ചെയ്തപ്പോൾ ഹർജിക്കാരനായ ലോകേന്ദ്ര കുമാർ തിവാരിയേയും മറ്റൊരാളെയും കരാർ അടിസ്ഥാനത്തിലും നിയമിച്ചു.സ്ഥിര നിയമനം നൽകാതെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നു കോടതി ചൂണ്ടിക്കാട്ടി.  4 ആഴ്ചയ്ക്കുള്ളിൽ ജോലി സ്ഥിരപ്പെടുത്തി നിയമന ഉത്തരവു നൽകാൻ ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ച് വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *