കേന്ദ്രജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല; വോട്ടെണ്ണലിന് സൂപ്പര്‍വൈസര്‍മാരെ നിയമിച്ച സംഭവം, തൃണമൂലിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

പശ്ചിമബംഗാളില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ സൂപ്പർവൈസർമാരായി നിയമിച്ചതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹർജി പരിഗണിക്കാൻ പ്രത്യേക സിറ്റിംഗ് നടത്തിയ കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലർ ചട്ടവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി. 15 ബൂത്തുകളില്‍ റീപോളിംഗ് പുരോഗമിക്കുകയാണ്.നേരത്തെ കല്‍ക്കട്ട ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അടിയന്തര ഇടപെടലാവശ്യപ്പെട്ട് ടിഎംസി സുപ്രീം കോടതിയിലെത്തിയത്. വോട്ടെണ്ണല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ നിരീക്ഷകരായി കേന്ദ്രസർക്കാർ നോമിനിയും സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമുള്ളപ്പോള്‍ കൂടുതല്‍ കേന്ദ്രസർക്കാർ ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്നാണ് ടിഎംസി വാദിച്ചത്. എന്നാല്‍ ഓരോ കൗണ്ടിംഗ് ടേബിളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരില്ലേയെന്ന് ചോദിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ താല്‍പര്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണം എന്നും കോടതി നിർദേശിച്ചു. കോടതി നടപടി ബിജെപി ആയുധമാക്കി, വോട്ടെണ്ണലിനെ സ്വാധീനിക്കാനും തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച്‌ ജനങ്ങളില്‍ സംശയമുണ്ടാക്കാനുമായിരുന്നു ടിഎംസി ശ്രമമെന്നും അത് നടന്നില്ലെന്നുമാണ് വിമർശനം. മമതയ്ക്ക് തുടർച്ചയായി കോടതികളില്‍നിന്നും തിരിച്ചടിയാണെന്നും അമിത് മാളവ്യ പരിഹസിച്ചു.അതേസമയം കൊല്‍ക്കത്തയിലെ സ്ട്രോങ് റൂമില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വേർതിരിക്കാൻ നടപടി തുടങ്ങിയത് ചട്ട വിരുദ്ധമാണെന്നും റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ടിഎംസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സംസ്ഥാന വ്യാപകമായി സ്ട്രോങ് റൂമുകളിലെ സിസിടിവികള്‍ പണി മുടക്കുകയാണെന്ന പരാതിയും ഇന്നലെ തൃണമൂല്‍ നല്‍കിയിരുന്നു. വോട്ടിംഗ് മെഷീനില്‍ ബിജെപി സ്ഥാനാർത്ഥിക്ക് നേരെയുള്ള ബട്ടണില്‍ ടേപ്പ് ഒട്ടിച്ച്‌ അട്ടിമറിക്ക് ശ്രമിച്ചെന്ന് പരാതി ഉയർന്ന സൗത്ത് 24 പർഗാനസിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിലാണ് ഇന്ന് രാവിലെ മുതല്‍ റീപോളിംഗ് നടക്കുന്നത്. നടപടികള്‍ ഇതുവരെ സമാധാനപരമാണ്.

Leave a Reply

Your email address will not be published. Required fields are marked *