പാസ്പോര്‍ട്ടോ ഒസിഐ കാര്‍ഡോ ഇല്ലെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനാവില്ല: ഹൈക്കോടതി

ഇന്ത്യൻ പാസ്‌പോർട്ടോ ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാർഡോ ഇല്ലാതെ, വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നല്‍കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.10 വർഷം മുമ്പ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച കോട്ടയം മുട്ടുചിറ സ്വദേശി ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഉത്തരവിടണം എന്നാവശ്യപ്പെട്ട് ബന്ധു ഹൻസ് ജോസഫ് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ബന്ധുക്കളുടെ വൈകാരികമായ ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ പൗരത്വവും നിലവിലെ നിയമങ്ങളും അടിസ്ഥാനമാക്കിയാണ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.ജോബി ജനിച്ചതും വളർന്നതും ആദ്യ വിവാഹം കഴിച്ചതും കേരളത്തിലാണെങ്കിലും പിന്നീട് വിവാഹമോചനം നേടി ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു. 2016ല്‍ അദ്ദേഹം ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഫിലിപ്പീനി യുവതിയെ വിവാഹം കഴിച്ച്‌ അവിടെ കഴിയുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അദ്ദേഹം മരിച്ചത്. ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബിക്ക് ഒസിഐ കാർഡിന് അർഹതയുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ല. മരണശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി ബന്ധുക്കള്‍ യുകെയിലെ ഇന്ത്യൻ കോണ്‍സുലേറ്റിനെ സമീപിച്ചെങ്കിലും അവർ അത് നിരസിച്ചു.വിദേശ പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കില്‍ ഒസിഐ അല്ലെങ്കില്‍ പിഐഒ കാർഡ് നിർബന്ധമാണെന്നതായിരുന്നു കാരണം. പത്ത് വർഷം മുമ്പ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി ഒസിഐ കാർഡിന് അപേക്ഷിക്കാത്ത സാഹചര്യത്തില്‍, അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്ന് കരുതാനാവില്ലെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാൻ ജോബി ആഗ്രഹിച്ചിരുന്നുവെന്ന് കാണിച്ച്‌ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ അയച്ച ഒരു ഇമെയില്‍ സന്ദേശം ഹരജിക്കാരൻ ഹാജരാക്കിയിരുന്നെങ്കിലും, മരണശേഷം അയച്ചതായതിനാല്‍ കോടതി അത് വിശ്വസനീയമായ രേഖയായി പരിഗണിച്ചില്ല. കൂടാതെ, ജോബിയുടെ അമ്മയും മകളും ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും അവരാരും കോടതിയെ സമീപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബന്ധുവായ ഹരജിക്കാരന് ഈ കേസില്‍ നിയമപരമായ അവകാശമില്ലെന്നും വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *