സ്ത്രീയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. ചടയമംഗലം സ്വദേശി നവാസിനെയാണ് കൊട്ടാരക്കര അഡീഷണല്‍ സെഷൻസ് (അബ്കാരി ) കോടതി ജഡ്ജ് റീന ദാസ് ടി ആർ ശിക്ഷിച്ചത്.2019 ഫെബ്രുവരി 24-ന് രാത്രിയിലാണ് റംല ബീവിയെ നവാസ് വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. മുളകുപൊടി എറിഞ്ഞ ശേഷം കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയും, ഭവനഭേദനത്തിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപപിഴയുമാണ് വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട റംല ബീവിയുടെ മക്കള്‍ക്ക് നല്‍കണമെന്ന് കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കില്‍ 3 വർഷം അധിക തടവും അനുഭവിക്കേണ്ടിവരും.കേസില്‍ 36 സാക്ഷികളെയും 45 രേഖകളും 10 തൊണ്ടി മുതലുകളും കോടതി പരിഗണിച്ചു. കടയ്ക്കല്‍ പൊലീസ് സ്റ്റേഷൻ എസ് ഐ ഇ എം സജീർ രജിസ്റ്റർ ചെയ്ത കേസിന്‍റെ അന്വേഷണം നടത്തിയത് സി ഐ വി എസ് പ്രദീപ് കുമാറും തുടരന്വേഷണം നടത്തി പ്രതികളുടെ പേരില്‍ ചാർജ് ഷീറ്റ് ഹാജരാക്കിയത് സി ഐ തൻസീം അബ്ദുല്‍ സമദുമാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി എസ് സോനു ഹാജരായി.
ആദ്യം മുളകുപൊടിയെറിഞ്ഞു, പിന്നാലെ കത്തികൊണ്ട് നിരവധി തവണ കുത്തി; യുവതിയെ കൊന്ന കേസില്‍ പ്രതിക്ക് ശിക്ഷ
