അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് പരാതിയുമായി യുവതി; എക്സിന് കനത്ത പിഴ ചുമത്തി ബെല്‍ജിയൻ കോടതി

അശ്ലീലച്ചുവയുള്ള ഉള്ളടക്കങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന കേസില്‍ യുഎസ് അധീനതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിന് കൂറ്റൻ പിഴ.ബലാത്സംഗദൃശ്യങ്ങളടക്കം അശ്ലീലമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നതില്‍ ബെല്‍ജിയം ക്രിമിനല്‍ കോടതിയാണ് ഇന്നലെ പിഴ ചുമത്തിയത്. 24,000 യൂറോ അഥവാ 21 ലക്ഷം രൂപയാണ് പിഴയിട്ടത്. കോടതിവിധിക്കെതിരെ കമ്പനി അപ്പീല്‍ നല്‍കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.2020-ല്‍ ബെല്‍ജിയൻ യുവതിക്കെതിരെ സംഘംചേർന്ന് ലൈംഗികാതിക്രമം നടത്തിയതിന്റെ ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടി. ഈ ദൃശ്യത്തെ മറ്റ് ക്ലിപ്പുകളുമായി കൂട്ടിച്ചേർത്ത് ദൈർഘ്യമുള്ള രീതിയിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ വൻതോതില്‍ പ്രചരിക്കുന്നുണ്ടെന്ന് മനസിലാക്കിയതിന് പിന്നാലെ ഇരയാക്കപ്പെട്ട യുവതി നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു.കമ്പനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കപ്പെടുന്നുവെന്ന് പറയുന്ന ദൃശ്യങ്ങള്‍ അശ്ലീലച്ചുവയുള്ളതായിരുന്നില്ലെന്നും എക്സ് പ്രതികരിച്ചു. അനുവാദം കൂടാതെ ദൃശ്യങ്ങള്‍ പകർത്തിയെന്നും പ്രചരിപ്പിച്ചുവെന്നുമുള്ള വാദങ്ങള്‍ക്ക് തെളിവുകളുടെ പിൻബലമില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.ശതകോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിനെതിരെ നേരത്തെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നുവന്നിരുന്നു. ഡീപ്പ് ഫേക്ക് ഉപയോഗപ്പെടുത്തി വ്യക്തികളുടെ അനുവാദമില്ലാതെ കുട്ടികളുടെയടക്കം ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കാൻ സഹായിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഗ്രാക്കിനെതിരെയും അടുത്തിടെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *