പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയക്ക് വേണ്ടി നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്ന രീതിയില്‍ യുഡിഎഫ് പ്രചാരണം നടത്തുന്നുവെന്ന അനൗണ്‍സ്മെൻ്റില്‍ എല്‍ഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന് നോട്ടീസ്.അനൗണ്‍സ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു.പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി മതം പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന എല്‍ഡിഎഫിന്റെ അനൗണ്‍സ്മെന്റാണ് വിവാദമായത്. മുസ്ലിം ലീഗ് നടത്തുന്ന സ്വകാര്യ പ്രചാരണം നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നം വിളിയാണ് മുസ്ലിം ലീഗ് നടത്തുന്നത്. മത വർഗീയതയുടെ തന്ത്രമാണ് പേരാമ്പ്രയുടെ തെരഞ്ഞെടുപ്പ് ഗോദയില്‍ അവർ നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ മുസ്ലിം ലീഗിന്റെ മതരാഷ്ട്രീയ ധ്രുവീകരണത്തെ ചെറുത്തുതോല്പിക്കേണ്ടതുണ്ട്. നമ്മള് മനുഷ്യർ ജാതിക്കും മതത്തിനും അപ്പുറത്താണ്. മതസഹോദര്യത്തെ ഊട്ടി വളർത്തേണ്ടവരാണ്. എല്‍.ഡി.എഫ് മതരാഷ്ട്രീയത്തിന്റെ പക്ഷത്തല്ല, മനുഷ്യപക്ഷത്താണ്. പേരാമ്പ്രയുടെ മണ്ണ് മനുഷ്യപക്ഷത്താണ് എന്ന് തെളിയിക്കാൻ നിങ്ങളുടെ വോട്ടുകള്‍ ഇടതുപക്ഷത്തിന് രേഖപ്പെടുത്തുക’ -എന്നാണ് ദൃശ്യങ്ങളിലുള്ള, എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ ബോർഡ് വെച്ച വാഹനത്തില്‍നിന്ന് അനൗണ്‍സ് ചെയ്യുന്നത്. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് പ്രചാരണം നടത്തുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’; വിവാദ അനൗണ്‍സ്മെൻ്റില്‍ ടി.പി രാമകൃഷ്ണന് നോട്ടീസ്
