ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവുള്ള സംസ്ഥാനം; ബംഗാൾ സർക്കാരിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് നടന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപിൻ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നിങ്ങളുടെ സംസ്ഥാനത്ത് എല്ലാവരും രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അക്രമികൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പുലർച്ചെ രണ്ട് മണി വരെ ഞാൻ സാഹചര്യം നിരീക്ഷിക്കുന്നുണ്ടായിരുന്നു,’ എന്ന് ചീഫ് ജസ്റ്റിസ് ബംഗാൾ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. ജുഡീഷ്യൽ ഓഫീസർമാരുടെ മനസ്സിൽ ഭയം സൃഷ്ടിക്കാനോ നിയമം കൈയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.തുടർന്ന് ജുഡീഷ്യൽ ഓഫീസർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സായുധ സേനയെ വിന്യസിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.മാൾഡയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ചവരാണ് മൂന്ന് വനിതാ ജഡ്ജിമാർ അടക്കം ഏഴ് ജുഡീഷ്യൽ ഓഫീസർമാരെ ഉപരോധിച്ചത്. സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്.ഐ.ആർ) ഭാഗമായി എത്തിയ ഇവരെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിൽ വൈകുന്നേരം 4 മണി മുതൽ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയായിരുന്നു. ഈ വിഷയത്തിലാണ് കോടതി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചത്.സംഭവത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിട്ടും ഉദ്യോഗസ്ഥരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജില്ലാ മജിസ്ട്രേറ്റുമാർ എന്നിവരെ കോടതി രൂക്ഷമായി വിമർശിച്ചു. നിയമം കൈയ്യിലെടുക്കാനും ജുഡീഷ്യൽ ഓഫീസർമാരുടെ മേൽ സമ്മർദ്ദം ചെലുത്താനും ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, സുരക്ഷാ വീഴ്ചയിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. മാൾഡയിലെ കാളിയാചക് 2 ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ (BDO) ബുധനാഴ്ച വൈകുന്നേരം 4 മണിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും അത് നിഷേധിക്കപ്പെട്ടു. ഇതിനെത്തുടർന്ന് പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ഘരാവോ ചെയ്യുകയായിരുന്നു. ഒമ്പത് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവിൽ രാത്രി വൈകി പോലീസ് സംഘം എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും വാഹനങ്ങളുടെ ചില്ലുകൾ തകരുകയും ചെയ്തു.ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. പുതിയ വോട്ടർ പട്ടികയിൽ നിന്ന് 63 ലക്ഷത്തിലധികം പേരുകൾ നീക്കം ചെയ്യപ്പെടുകയും 60 ലക്ഷത്തോളം വോട്ടർമാരെ പുനഃപരിശോധനയ്ക്കായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച കേസുകൾ പരിശോധിക്കാനെത്തിയതായിരുന്നു ബന്ദികളാക്കപ്പെട്ട ജുഡീഷ്യൽ ഓഫീസർമാർ.

Leave a Reply

Your email address will not be published. Required fields are marked *