കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കയ്ൻ കേസിലെ പൊലീസിന്റെ പിഴവുകൾ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത കൊക്കെയിൻറെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല എന്നതുൾപ്പെടെയുള്ള പിഴവുകൾ വ്യക്തമാക്കിയാണ് വിചാരണക്കോടതിയുടെ ഉത്തരവ്.കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്.
വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല.ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള അഞ്ച് പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പൊലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഷൈൻ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓർമ്മയില്ല. കൊക്കെയ്ൻ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. എന്നാൽ ഫൊറൻസിക് സയൻസ് ലാബിൽ ക്ളോറൈഡ് ഉൾപ്പടെയുള്ള ഘടകങ്ങൾ കൃത്യമായി വേർതിരിച്ച് പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.ഫെബ്രുവരി 11നാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളെയും എറണാകുളം സെഷൻസ് കോടതി വെറുതെ വിട്ടത്. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാളൊഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. 2015 ജനുവരി 15ന് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽ നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാകുന്നത്. 2018 ഒക്ടോബറിലായിരുന്നു സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്.