അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചിലെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച അഭിഭാഷകനെ ആറുമാസം തടവിന് ശിക്ഷിച്ചു. അശോക് പാണ്ഡെ എന്ന അഭിഭാഷകനെയാണ് ശിക്ഷിച്ചിരിക്കുന്നത്.2021ല്‍ ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കോടതിയലക്ഷ്യ കേസിലെ എതിര്‍കക്ഷിയാണ് ഇയാള്‍. ഈ കേസില്‍ വാദിക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ജഡ്ജിമാരെ ഗുണ്ടകള്‍ എന്നു വിളിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അറിയിക്കാന്‍ പാണ്ഡെക്ക് ഹൈക്കോടതി നോട്ടീസും നല്‍കിയിട്ടുണ്ട്. കോടതിയില്‍ ബഹളമുണ്ടാക്കിയതിന് 2017ല്‍ ഇയാളെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയിരുന്നു. കോടതിയില്‍ വരുമ്പോള്‍ ഡ്രസ് കോഡ് പോലും ഇയാള്‍ പാലിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.