കൊച്ചി: ഡിജിറ്റൽ റീ സർവേയ്ക്ക് ഉപകരണങ്ങൾ വാങ്ങിയതിലും മറ്റും കോടികളുടെ ക്രമക്കേട് ആരോപിച്ച പൊതുതാൽപര്യ ഹർജിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കോടതി പറയാത്ത കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ ഉന്നയിക്കുകയും പത്രത്തിൽ തെറ്റായ വാർത്ത നൽകുകയും ചെയ്തതിനെതിരെ റവന്യുമന്ത്രി കെ രാജൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.മന്ത്രി കെ രാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നേട്ടമുണ്ടാക്കാനായാണ് ഹർജിക്കാരൻ കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചത്. ഇത്തരം ഒരു നടപടി അഭിഭാഷകൻ കൂടിയായ ഹർജിക്കാരനിൽ നിന്ന് പ്രതീക്ഷിച്ചില്ലെന്നും കോടതി വിമർശിച്ചു. ഇടക്കാല ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന് ഹർജിക്കാരൻ പത്രത്തിലൂടെ അറിയിക്കണം. ഹർജിക്കാരന്റെ വാർത്താസമ്മേളനമെന്ന പേരിൽ വാർത്ത പ്രസിദ്ധീകരിച്ച പത്രം തിരുത്തിയ വാർത്തയും മാപ്പപേക്ഷയും ഒന്നാംപേജിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു
ഡിജിറ്റൽ റീ സർവേയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കലിനെതിരെ ഹൈക്കോടതി
