ഡോ.വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം

കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്.പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി ആവശ്യപ്പെട്ടിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ കുടവട്ടൂർ സ്വദേശിയായ സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്.2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ ക്രൂരകൃത്യം അരങ്ങേറിയത്.ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സർജിക്കല്‍ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. വന്ദനാദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രില്‍ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സന്ദീപിന് മാനസിക പ്രശ്നം ഉണ്ടെന്നായിരുന്നു കോടതിയില്‍ പ്രതിഭാഗത്തിൻ്റെ വാദം. സാക്ഷിമൊഴികള്‍ അടക്കം ഹാജരാക്കി പ്രോസിക്യൂഷൻ പ്രതിഭാഗത്തിൻ്റെ വാദങ്ങളെ എതിർത്തു. മരുന്ന് കഴിക്കുന്നുണ്ടെങ്കിലും പ്രതിക്ക് ഗുരുതര മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാള്‍ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *