2016-ല്‍ ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ പരസ്യമായി മർദ്ദിച്ച കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.എന്നാല്‍, കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പോലീസുകാർ ഉള്‍പ്പെടെ 35 പേരെ വെരാവല്‍ അഡീഷണല്‍ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുള്ള ശിക്ഷാവിധി ചൊവ്വാഴ്ച പ്രസ്താവിക്കും.രമേഷ് ജാദവ്, രാകേഷ് ജോഷി, നാഗ്ജിഭായ് വാണിയ, പ്രമോദ് ഗിരി ഗോസ്വാമി, ബലവന്ത് ഗിരി ഗോസ്വാമി എന്നിവരെയാണ് പട്ടികജാതി വിരുദ്ധ അതിക്രമം തടയല്‍ നിയമപ്രകാരം കുറ്റക്കാരായി കണ്ടെത്തിയത്. നാല് പോലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 35 പേർക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. വിചാരണാകാലയളവില്‍ രണ്ട് പ്രതികള്‍ മരണപ്പെട്ടിരുന്നു.പ്രതികളുടെ കൃത്യത്തിലുള്ള പങ്ക് വ്യക്തമായി തെളിയിക്കാൻ സാധിക്കാത്തതാണ് ഭൂരിഭാഗം പേരെയും വെറുതെ വിടാൻ കാരണമായത്. വിധിയില്‍ കടുത്ത അസംതൃപ്തിയാണ് ആക്രമണത്തിനിരയായ വഷറാം സർവയ രേഖപ്പെടുത്തിയത്. 2016 ജൂലൈ 11-നാണ് ഗിർ സോമനാഥ് ജില്ലയിലെ ഉനയില്‍ അതിക്രൂരമായ സംഭവം അരങ്ങേറിയത്. ചത്ത പശുവിന്റെ തോലുരിക്കുകയായിരുന്ന ദളിത് യുവാക്കളെ പശുവിനെ കൊന്നെന്നാരോപിച്ച് ഗോരക്ഷാ പ്രവർത്തകർ തടഞ്ഞുവെച്ചു.
ഉന ദളിത് പീഡനക്കേസ്: 5 പേര് കുറ്റക്കാര്‍; 35 പേരെ കോടതി വെറുതെ വിട്ടു
