സംസ്ഥാനത്തെ നടുക്കിയ കൊട്ടാരക്കരയിലെ ഡോക്ടർ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.കുടവട്ടൂർ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. മകളുടെ കൊലയാളിക്ക് ഉള്ള വിധി എന്തെന്ന് അറിയാൻ വന്ദനയുടെ മാതാപിതാക്കള്‍ കോടതിയില്‍ എത്തും.2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടർ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വർഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കുടവട്ടൂർ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സർജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവർ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിർത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. അധികം വൈകാതെ മരണം സംഭവിച്ചു.ക്രൂരമായ കൊലപാതകത്തില്‍ വിചാരണ നടപടികള്‍ പൂർത്തിയായതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി വിധി പറയുന്നത്. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഡോ.വന്ദനദാസ് കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്
