സിവില്‍ ജഡ്ജി (ജൂനിയർ ഡിവിഷൻ) നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർണ്ണായകമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു.അഭിഭാഷകർക്ക് ജുഡീഷ്യറിയിലേക്ക് പ്രവേശിക്കാൻ മൂന്ന് വർഷത്തെ പ്രാക്ടീസ് നിർബന്ധമാക്കിയ വ്യവസ്ഥ തല്ക്കാലം തുടരുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഈ നിബന്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികള്‍ പരിഗണിക്കുമ്പോഴാണ്, നിയമന പ്രക്രിയയില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.നിയമന നിബന്ധനകള്‍ റദ്ദാക്കുന്നതിനേക്കാള്‍ ഉപരിയായി, നിലവിലെ നിയമം എങ്ങനെ കൂടുതല്‍ സുതാര്യവും പ്രായോഗികവുമായി നടപ്പിലാക്കാം എന്നതിനാണ് കോടതി ഇപ്പോള്‍ മുൻഗണന നല്‍കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച്, രാജ്യത്തുടനീളമുള്ള ഉദ്യോഗാർത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 30, 2026 വരെ നീട്ടാൻ ഹൈക്കോടതികള്‍ക്കും സംസ്ഥാന പി.എസ്.സികള്‍ക്കും നിർദേശം നല്കി.
സിവില്‍ ജഡ്ജി നിയമനം: മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് നിബന്ധന തുടരും; അപേക്ഷാ തീയതി ഏപ്രില്‍ 30 വരെ നീട്ടി
