ക്രിസ്മസ് കാലത്ത് ഒരു കുടുംബത്തിന് നേരെ നടന്ന വീടാക്രമണ കേസില്‍ പ്രതിയ്ക്ക് ആറ് വർഷം തടവ് ശിക്ഷ. ലിമറിക്കിലെ ഗർയോണ്‍ സ്വദേശിയായ സ്റ്റീഫൻ പവർ എന്ന 34-കാരനെയാണ് ലിമറിക്ക് സർക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരൻ എന്ന് ബോധ്യപ്പെട്ട് ശിക്ഷ വിധിച്ചത്.നേരത്തെ തീവെപ്പ്, മയക്കുമരുന്ന്, മോഷണം, കൊള്ള മുതലായ കേസുകളില്‍ ഇയാള്‍ പ്രതി ചേർക്കപ്പെട്ടിരുന്നു.2024 ഡിസംബർ 24 ക്രിസ്മസ് രാത്രിയില്‍ ലിമറിക്ക് ഗല്‍ബല്ല്യയില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതിയും കൂട്ടാളികളും ക്രൂരമായ ആക്രമണം നടത്തിയത്.സംഭവത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഒരു കത്തിയും തകർന്ന ബ്ലേഡും സംഭവസ്ഥലത്ത് നിന്ന് ഗാർഡ കണ്ടെടുത്തിരുന്നു. അക്രമത്തിന് പിന്നാലെ പിറ്റേന്ന് രാവിലെ തന്നെ പവറിനെ ഗാർഡ അറസ്റ്റ് ചെയ്തു. തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും, അതിക്രമിച്ചു കയറല്‍, സ്ത്രീയെയും അവരുടെ പങ്കാളിയെയും മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഗാർഡ ഇയാള്‍ക്കെതിരെ ചുമത്തി.കോടതി നടപടികള്‍ക്കിടെ, പ്രോസിക്യൂഷൻ ഹാജരാക്കിയ എല്ലാ തെളിവുകളും അംഗീകരിച്ചുകൊണ്ട് യുവാവിനെ ആക്രമിച്ച കേസില്‍ പവർ കുറ്റസമ്മതം നടത്തി. കുട്ടികളുടെ മുന്നില്‍ വെച്ച് അവരുടെ വീട്ടില്‍ കയറി ഇത്തരമൊരു ആക്രമണം നടത്തിയത് അങ്ങേയറ്റം ക്രൂരമാണെന്ന് ജഡ്ജ് നിരീക്ഷിച്ചു. സംഭവത്തിന് സാക്ഷിയായ കുട്ടിയുമായി ഗാർഡ നടത്തിയ അഭിമുഖത്തിലെ വിവരങ്ങള്‍ വളരെ ഭയാനകമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം വക്കീല്‍ പോലും പവറിന്റെ പ്രവൃത്തിയെ ‘ലജ്ജാകരം’, ‘അസ്വസ്ഥതയുണ്ടാക്കുന്നത്’ എന്നിങ്ങനെയാണ് വിശേഷിപ്പിച്ചത്.പ്രതി പവർ കടുത്ത മയക്കുമരുന്ന് അടിമയായിരുന്നു എന്നും, അന്നത്തെ ജീവിതസാഹചര്യങ്ങളാണ് ഇത്തരമൊരു അക്രമത്തിലേക്ക് നയിച്ചതെന്നും വക്കീല്‍ പറഞ്ഞു. മയക്കുമരുന്നിനോടുള്ള അമിതാസക്തി ഒരു ഒഴിവുകഴിവല്ലെങ്കിലും, ആ രാത്രിയില്‍ നടന്ന ഭീകരമായ സംഭവങ്ങള്‍ക്ക് അതൊരു കാരണമായേക്കാം എന്ന് പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.ശിക്ഷാവിധിയില്‍ ഇളവ് നല്‍കണമെന്ന് വക്കീല്‍ അപേക്ഷിച്ചുവെങ്കിലും, ഒരു വീടിന്റെ സുരക്ഷിതത്വത്തിനുള്ളില്‍ കയറി കുട്ടികളുടെ മുന്നില്‍ വെച്ച് നടത്തിയ ഈ ക്രൂരതയെ കോടതി ഗൗരവമായാണ് കണ്ടത്. ആഘോഷവേളയില്‍ ഒരു കുടുംബത്തിന് നേരെ ഉണ്ടായ അക്രമം സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു. ഗാർഡ ശേഖരിച്ച തെളിവുകളും കുട്ടികളുടെ മൊഴികളും പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതില്‍ നിർണ്ണായകമായി.ആറ് വർഷവും ഒമ്പത് മാസവുമാണ് പവറിന് കോടതി വിധിച്ച തടവുശിക്ഷ. ഇതില്‍ അവസാനത്തെ ഒമ്പത് മാസത്തെ ശിക്ഷ കോടതി സസ്പെൻഡ് ചെയ്തു. ശിക്ഷാ കാലാവധിക്ക് ശേഷം കൃത്യമായ നിരീക്ഷണത്തിലായിരിക്കും ഇയാള്‍ പുറത്തിറങ്ങുക.
ക്രിസ്മസ് രാത്രിയില്‍ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കുട്ടികളുടെ മുന്നില്‍ വച്ച് പങ്കാളിയെ അടക്കം ക്രൂരമായി ആക്രമിച്ചു; ലിമറിക്കില്‍ മുഖ്യ പ്രതിക്ക് 6 വര്‍ഷം തടവ്
