പണം കടം വാങ്ങി കബളിപ്പിക്കപ്പെട്ടോ..? മുങ്ങി നടക്കുന്നവരെ ജയിലിടയ്ക്കാം

അഡ്വ.വിഷ്ണു വിജയൻ

പണം കടം വാങ്ങാത്തവർ വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ അതിലൂടെ പണി കിട്ടിയവരുടെ എണ്ണവും ഏറെയാണ്. പണം കടം വാങ്ങുമ്പോൾ സാധാരണയായി പറയുക അടുത്തമാസം ഒന്നാം തീയതി തരാം അല്ലെങ്കിൽ നാളെ തരാം, മറ്റന്നാൾ തരാം എന്ന് ഒക്കെയാണ്. പണം തിരികെ ചോദിക്കാനായി അന്വേഷിച്ചാൽ പിന്നീട് ഇത്തരക്കാരുടെ പൊടിപോലും കാണില്ല. ചിലരെങ്കിലും കൃത്യസമയത്ത് തരാറുണ്ടെങ്കിലും പണം കടം വാങ്ങി മുങ്ങി നടക്കുന്നവർ ആണ് അധികവും. വിളിച്ചു നോക്കിയാൽ ഫോൺ കട്ട് ആക്കുക പിന്നീട് സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക തുടങ്ങിയവയാണ് ഈ പറ്റിപ്പുകാരുടെ രീതി. പണം കൊടുത്തതിന് തെളിവുണ്ടെങ്കിൽ അത് തിരിച്ചു വാങ്ങാൻ വഴിയുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ലെങ്കിൽ നിയമപരമായ വഴികൾ തേടുക എന്നതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ആദ്യം ഒരു നിയമ വിദഗ്ധന്റെ സഹായം തേടി പണം വാങ്ങി മുങ്ങി നടക്കുന്ന ആളുടെ മേൽവിലാസത്തിലേക്കോ ഒരു ലീഗൽ നോട്ടീസ് അയക്കാം. എന്നിട്ടും അനക്കമില്ലെങ്കിൽ അടുത്ത പടി മറ്റൊന്നാണ്. തുടർന്നുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് പറ്റിപ്പുകാരനെ വ്യക്തമായി ബോധ്യപ്പെടുത്താം. ആദ്യഘട്ടത്തിൽ ലീഗൽ നോട്ടീസ് അയക്കുമ്പോൾ തന്നെ കുറച്ചു പേടിയുള്ളവരാണെങ്കിൽ പണം തിരികെ നൽകും. രണ്ടാംഘട്ടത്തിൽ തുടർന്നുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അറിയിക്കുമ്പോൾ അതിൽ ഭയപ്പെട്ട് പണം തിരികെ നൽകാനും സാധ്യതയുണ്ട്. എന്നാൽ, ഇത് രണ്ടിനെയും പേടിക്കാത്ത കൂട്ടരും ഉണ്ട്. അപ്പോൾ നമുക്ക് പൊലീസ് സ്റ്റേഷനിൽ പോയി തെളിവുകൾ സഹിതം പരാതി നൽകാം. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 318 പ്രകാരം കേസുകൊടുത്ത് മൂന്ന് വർഷം വരെ ഇവരെ ജയിലിൽ അടയ്ക്കാം. പക്ഷെ പണം തിരികെ കിട്ടുക എന്നതാണല്ലോ അത്യാവശ്യം. അതിനാൽ ഒരു ഒത്തുതീർപ്പ് ചർച്ച നടത്താം. കേസെടുക്കുന്നതിനു മുൻപായി പോലീസും അതിനു തന്നെയായിരിക്കും മുൻകൈയെടുക്കുക. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല എങ്കിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും. പരാതിക്കാരന് നിയമപരമായി പണം തിരികെ ലഭിക്കാനുള്ള ഒരു മണി റിക്കവറി സ്യൂട്ട് നിയമ വിദഗ്ധന്റെ സഹായത്തോടെ ഫയൽ ചെയ്യാം. കേസിനും പരാതിയിലേക്കും ഒക്കെ കടക്കുന്നതിനു മുൻപായി ആദ്യം വേണ്ട തെളിവുകൾ നമ്മുടെ പക്കൽ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. പണം നൽകിയത് ഏത് രീതിയിലാണ് എന്ന് വ്യക്തമാക്കുന്ന രേഖകൾ കൈവശം വേണം. ഗൂഗിൾ പേ വഴിണ് പണം നൽകിയതെങ്കിൽ യുപിഐ ആപ്പ് സ്ക്രീൻ ഷോർട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പകർപ്പ്, കിട്ടാനുള്ള പണത്തിന്റെ പേരിൽ നിങ്ങൾ അയച്ച മെസ്സേജുകളോ ഫോൺകോളുകളോ എന്താണെങ്കിലും അതിന്റെ രേഖകൾ എന്നിവ നിർബന്ധമായും കൈവശം വേണം. ഇതൊക്കെയാണ് കടംകൊടുത്ത പണം തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ. ഏറ്റവുമടുത്ത സുഹൃത്താണെങ്കിൽ പോലും പണം കൊടുത്ത് തിരികെ ലഭിച്ചില്ലെങ്കിൽ ഈ മാർഗ്ഗങ്ങൾ വഴി അത് തിരികെ കൈവശപ്പെടുത്താൻ ശ്രമിക്കുക. അപ്പോഴും മറ്റൊന്ന് ഓർക്കേണ്ടത്, കടം തിരികെ വാങ്ങുവാൻ വേണ്ടി അക്രമങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും മറ്റും നേതൃത്വം നൽകരുത് എന്നതാണ്. അത് കൂടുതൽ നിയമ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും മാത്രമേ ചെയ്യുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *