ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായി, നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി. 1937-ലെ ശരിഅത്ത് നിയമത്തിലെ ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.ശരിയത്ത് നിയമത്തിലെയടക്കം വ്യക്തിനിയമങ്ങളിലെ പോരായ്‌മകള്‍ക്ക് ഏകീകൃത സിവില്‍ കോഡ് ഉത്തരമാകണമെന്നും വിഷയത്തില്‍ പാർലമെന്റ് ഇടപെടല്‍ നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തിലുള്ള പ്രധാനപ്പെട്ട പരാമർശം നടത്തിയത്.മുസ്ലിം സ്ത്രീകള്‍ക്ക് വിവേചനം ഉണ്ടാക്കുന്ന ശരിഅത്ത് നിയമ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ജോയ്മാല ബാക്‌സിയയും ആർ. മഹാദേവനും അംഗങ്ങളായിരുന്നു. ഓരോ മതത്തിനും വേർതിരിച്ചുള്ള വ്യക്തിനിയമങ്ങളെക്കാള്‍ രാജ്യത്തിന് ഒരു ഏകീകൃത സിവില്‍ നിയമമാണ് കൂടുതല്‍ അനുയോജ്യമെന്ന അഭിപ്രായമാണ് ബെഞ്ച് പ്രകടിപ്പിച്ചത്.എന്നാല്‍ ശരിഅത്ത് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അങ്ങനെ ചെയ്താല്‍ നിലവിലുള്ള നിയമക്രമത്തില്‍ ശൂന്യത ഉണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്‌ മുസ്ലിം പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട മറ്റ് നിയമ വ്യവസ്ഥകള്‍ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിനാല്‍ നിലവിലെ വ്യവസ്ഥകള്‍ റദ്ദാക്കുന്നതിലേക്ക് കോടതി കടന്നില്ലെങ്കിലും, ഇത്തരം വിഷയങ്ങളില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരുന്നത് നിയമനിർമ്മാണ സഭകള്‍ പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് ഈ സാഹചര്യത്തില്‍ നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *