ഐടി നിയമ ഭേദഗതി:ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ ഐടി (ഭേദഗതി)നിയമങ്ങൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ തടയുന്നതിനായി എന്ന പേരിൽ കൊണ്ടുവന്ന ഈ നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചത്. വിധി സ്റ്റേ ചെയ്യാൻ തയ്യാറായില്ലെങ്കിലും വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ സുപ്രീം കോടതി തീരുമാനിച്ചു.സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര,എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയ ഹർജിക്കാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്ന രീതിയിൽ ആശങ്ക സ്വാഭാവികമെന്ന് കോടതി പറഞ്ഞു. ഇന്ത്യൻ സൈന്യത്തെയും ദേശീയ നയങ്ങളെയും കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.ഉള്ളടക്കം പൂർണ്ണമായും തടയുകയല്ല,മറിച്ച് തെറ്റായ വിവരങ്ങൾ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. എന്നാൽ, നിലവിലുള്ള നിയമങ്ങൾ തന്നെ തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ പര്യാപ്തമാണെന്ന് മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ വാദിച്ചു . ‘തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ’ എന്നതിന് ഭേദഗതിയിൽ നിർവ്വചനം നൽകാത്തതാണ് പ്രശ്നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *