ശബരിമല സ്വര്‍ണക്കൊള്ള; മുൻ ദേവസ്വം ബോര്‍ഡ് അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹർജിയില്‍ ഉത്തരവ് ഇന്ന്

ശബരിമല സ്വർണകൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന്റെ ജാമ്യഹരജിയില്‍ കോടതി ഉത്തരവ് ഇന്ന്.ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യ ഹരജിയില്‍ കൊല്ലം വിജിലൻസ് കോടതിയാണ് ഉത്തരവ് പറയുന്നത്. സ്വർണക്കൊള്ള കേസില്‍ ഇതുവരെ എട്ട് പ്രതികള്‍ ജയില്‍ മോചിതരായിട്ടുണ്ട്.തിരുവിതാംകൂർ ദേവസ്വം ബോർഡില്‍ എ.പത്മകുമാർ പ്രസിഡന്റായിരുന്ന സമയത്തെ സിപിഎം പ്രതിനിധിയായിരുന്നു എൻ.വിജയകുമാർ. സ്വർണക്കൊള്ള കേസില്‍ 2025 ഡിസംബർ 29നാണ് പ്രത്യേക അന്വേഷണ സംഘം വിജയകുമാറിനെ അറസ്റ്റ് ചെയ്‌തത്. കട്ടിള പാളി കേസിലും ദ്വാരപാലക ശില്പ കേസിലും പ്രതിയാണ് വിജയകുമാർ. പത്മകുമാറിന്റെ നിർദേശപ്രകാരമാണ് പാളികള്‍ കൈമാറാൻ ഉള്ള രേഖകളില്‍ ഒപ്പ് വെച്ചതെന്നും തനിക്ക് സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് വിജയകുമാറിന്റെ മൊഴി.റിമാൻഡില്‍ കഴിയവേയാണ് ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയില്‍ ജാമ്യഹർജി സമർപ്പിച്ചത്. ഹരജിയില്‍ വിശദമായി വാദം കേട്ട ശേഷമാണ് ഇന്ന് ഉത്തരവ് പറയുന്നത്. കേസില്‍ എട്ടു പ്രതികള്‍ ഇതിനോടകം ജാമ്യം നേടി ജയില്‍ മോചിതരായി. ഇതില്‍ ആറു പ്രതികള്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചത് എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിലാണ്. രണ്ട് പേർക്ക് റിമാൻഡ് കാലയളവില്‍ തന്നെ ജാമ്യം ലഭിച്ചു. റിമാൻഡില്‍ കഴിയുന്ന സ്വർണ വ്യാപാരി ഗോവർദ്ധന്റെ ജാമ്യഹരജിയില്‍ ബുധനാഴ്ച വിജിലൻസ് കോടതി വിശദമായ വാദം കേള്‍ക്കും. അതേസമയം പങ്കജ് ഭണ്ഡാരി ചെന്നെയില്‍ ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയില്‍ മെഡിക്കല്‍ റിപ്പോർട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *