കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയില്‍ തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയും.നിലവില്‍ നടന്ന പോലീസ് അന്വേഷണത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും കൂടുതല്‍ വ്യക്തത വരുത്താൻ ഉന്നതതലത്തിലുള്ള തുടരന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.അതേസമയം, കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും കാണിച്ച് കഴിഞ്ഞ മാസം പോലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. പ്രോസിക്യൂഷനും തുടരന്വേഷണത്തെ ആദ്യഘട്ടം മുതല്ക്കേ ശക്തമായി എതിർത്തിരുന്നു.2024 ഒക്ടോബർ 15-ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സില്‍ നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സി.പി.എം. നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ പ്രേരണയുണ്ടെന്നാണ് കേസ്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ പരാമർശങ്ങള്‍ വിവാദമായിരുന്നു. നിലവില്‍ ദിവ്യയ്ക്കെതിരെ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ മരണത്തിന് പിന്നിലെ മറ്റ് ദുരൂഹതകള്‍ കൂടി പുറത്തുകൊണ്ടുവരണമെന്ന ഉറച്ച നിലപാടിലാണ് നവീൻ ബാബുവിന്റെ കുടുംബം.
നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് കുടുംബം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
