ന്യൂഡൽഹി: സിവിൽ കേസുകൾ ക്രിമിനൽ കേസുകളാക്കി മാറ്റുന്നതിൽ ഉത്തർപ്രദേശ് പൊലീസിനെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഇത് “തെറ്റാണ്” എന്നും നിയമവാഴ്ചയുടെ “പൂർണമായ തകർച്ച” കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ സമാനമായ ഹർജികൾ ഫയൽ ചെയ്താൽ നഷ്ടപരിഹാരം നൽകണമെന്ന് കോടതി മുന്നറിയിപ്പ് നൽകി.ചെക്ക് ബൗൺസ് കേസിൽ ക്രിമിനൽ പ്രോസിക്യൂഷൻ താൽക്കാലികമായി നിർത്തിവച്ച കോടതി, ഉത്തർപ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിനോടും അന്വേഷണ ഉദ്യോഗസ്ഥനോടും രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ അഭിഭാഷകർ സിവിൽ അധികാരപരിധി മറന്നുപോയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചെക്ക് ബൗൺസ് കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പരാമർശം. സിവിൽ കേസ് ക്രിമിനൽ കേസാക്കി മാറ്റിയ ശേഷം പൊലീസ് സമൻസ് അയയ്ക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹർജിക്കാരൻ കോടതിയെ സമീപിക്കുകയും കേസ് മാറ്റാൻ പൊലീസ് കൈക്കൂലി വാങ്ങിയതായി അറിയിക്കുകയും ചെയ്തു.