വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച്‌ കോടതി ശിക്ഷ ജീവപര്യന്തമാക്കി; ഇടയ്ക്കോട് കൊലക്കേസില്‍ വിധി

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും.കൊല്ലം ചടയമംഗലം ഇടയ്ക്കോട് സ്വദേശി സനലിനെയാണ് കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. വർക്ക് ഷോപ്പ് ജോലിക്കാരനും ബന്ധുവുമായ കലേഷിനെ 2024 മാർച്ച്‌ 13നാണ് സനല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.ബക്കറ്റില്‍ പെട്രോളുമായാണ് സംഭവ ദിവസം സനല്‍ കലേഷ് ജോലി ചെയ്തിരുന്ന വർക്‌ഷോപ്പില്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് കലേഷ് ഇവിടെയുണ്ടായിരുന്നില്ല. ബൈക്ക് നന്നാക്കാനുണ്ടെന്ന് ഫോണില്‍ വിളിച്ചുപറഞ്ഞ സനല്‍ കലേഷിനെ സ്ഥലത്തെത്തിച്ചു. കലേഷ് എത്തിയ ഉടൻ ബക്കറ്റില്‍ കരുതിയ പെട്രോള്‍ സനല്‍ യുവാവിൻ്റെ ദേഹത്തേക്ക് ഒഴിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കലേഷിൻ്റെ നേർക്ക് പ്രതി പന്തം കത്തിച്ച്‌ എറിഞ്ഞു. തീ പടർന്ന് ദേഹമാസകലം പൊള്ളലേറ്റ കലേഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ കലേഷ് മരിച്ചു. പ്രതിയുടെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. പട്ടാപ്പകല്‍ നടന്ന ക്രൂര കൃത്യത്തിന് സനലിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച്‌ ശിക്ഷ ജീവപര്യന്തമായി നിജപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *