എഐ ഉപയോഗിച്ച് വ്യാജ മുന്‍കാല വിധിയുണ്ടാക്കി കേസില്‍ വിധിപറഞ്ഞു; അതീവ ഗൗരവമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കേസില്‍ വിധി പറയാന്‍ ആന്ധ്രാ പ്രദേശിലെ കോടതി എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയ മുന്‍കാല വിധികളെ ആശ്രയിച്ചത് അതീവ ഗൗരവകരമായ കാര്യമാണെന്ന് സുപ്രിം കോടതി. എഐ നിര്‍മിത വിധിന്യായങ്ങളെ അധികരിച്ച് കേസില്‍ വിധി പറഞ്ഞത് യുക്തിപരമായ പിശക് മാത്രമായി കാണാനാകില്ലെന്നും ജഡ്ജിയുടെ തെറ്റായ നടപടിയാണെന്നും ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. സംഭവം വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞ സുപ്രിം കോടതി, ഉത്തരവാദികള്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഫെബ്രുവരി 27ലെ ഉത്തരവില്‍ വ്യക്തമാക്കി.സംഭവത്തില്‍ അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ എന്നിവരില്‍ നിന്നും ബാര്‍ കൗണ്‍സിലില്‍ നിന്നും കോടതി നിലപാട് തേടി. വിഷയത്തില്‍ സീനിയര്‍ അഭിഭാഷകനായ ശ്യാം ദിവാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.ഒരു സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വിചാരണ കോടതി പുറപ്പെടുവിച്ച വിധിയാണ് വിവാദമായത്. സ്വത്ത് തര്‍ക്കത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഒരു അഡ്വക്കറ്റ് കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ സ്വത്തുതര്‍ക്കത്തിലെ ഒരു വിഭാഗം എതിര്‍ത്തു. എന്നാല്‍, റിപ്പോര്‍ട്ടിലെ എതിര്‍പ്പ് തള്ളിക്കൊണ്ട് വിചാരണ കോടതി 2025 ആഗസ്റ്റില്‍ വിധി പറഞ്ഞു. ഏതാനും മുന്‍കാല കേസുകളിലെ വിധി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഈ കേസില്‍ കോടതി വിധിച്ചത്. എന്നാല്‍, ഈ പറഞ്ഞ കേസുകളൊന്നും യാഥാര്‍ഥ്യമല്ലെന്നും എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമാണ് പിന്നീട് കണ്ടെത്തിയത്.പരാതിക്കാര്‍ ആദ്യം ഹൈക്കോടതിയെ സമീപിച്ചു. പരാമര്‍ശിച്ച മുന്‍കാല വിധിന്യായങ്ങള്‍ എഐ നിര്‍മിതമാണെന്ന് കോടതിക്ക് വ്യക്തമായെങ്കിലും വിചാരണക്കോടതി വിധി റദ്ദാക്കിയില്ല. തുടര്‍ന്നാണ് പരാതിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. വിചാരണക്കോടതി കേസ് തീര്‍പ്പാക്കിയ രീതി സ്ഥാപനപരമായ ആശങ്ക ഉയര്‍ത്തുന്നുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസില്‍ എന്തു വിധി പറഞ്ഞു എന്നതിലല്ല ആശങ്കയെന്നും വിധി പറഞ്ഞ രീതിയാണ് ഗൗരവമായ ആശങ്ക ഉയര്‍ത്തുന്നതെന്നും കോടതി വ്യക്തമാക്കി. കേസില്‍ മാര്‍ച്ച് 10ന് വീണ്ടും വാദം കേള്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *