ശബരിമല സ്വർണ മോഷണക്കേസില്‍ തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്‌ഐടിക്ക് നിയമോപദേശം.ഉത്തരവിലെ പരാമർശങ്ങള്‍ കേസിനെ ബാധിക്കുന്നതാണെന്നും അത് മുൻ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ഹൈക്കോടതിയെ സമീപിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും.തന്ത്രിയുടെ ജാമ്യ ഹർജി പരിഗണിക്കവേ കേസിന്റെ മെറിറ്റിലേക്ക് കടന്നുകൊണ്ടുള്ള പരാമർശങ്ങളാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജിയില്‍ നിന്നുണ്ടായത്. തന്ത്രിക്കെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതല്ല എന്നായിരുന്നു വിജിലൻസ് ജഡ്ജിയുടെ ഒരു പരാമർശം. ഒരു പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുന്ന ഘട്ടത്തിലാണ് വിചാരണ ഘട്ടത്തില്‍ എന്ന പോലുള്ള ഇത്തരം പരാമർശങ്ങള്‍ വിജിലൻസ് ജഡ്ജിയില്‍ നിന്ന് ഉണ്ടായത്. ഇത് മുൻ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2012ലെ സഞ്ജയ് ചന്ദ്ര vs സിബിഐ, 2019 പി ചിദംബരം vs ഇ ഡി, 2022ലെ സതേന്ദ്ര കുമാർ vs സിബിഐ തുടങ്ങി വിവിധ കേസുകളില്‍ കോടതി സമാന നിർദേശം നല്‍കിയിട്ടുണ്ട്.ശബരിമല സ്വർണ്ണ മോഷണക്കേസില്‍ ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരായ തെളിവുകള്‍ സമാഹരിച്ച് പ്രതികളെ ഒന്നൊന്നായി എസ് ഐ ടി അറസ്റ്റ് ചെയ്തു വരികയുമാണ്. തന്ത്രിയുടെ കാര്യത്തിലും കുറ്റകൃത്യം പ്രഥമദൃഷ്ട്യ വ്യക്തമായ പശ്ചാത്തലത്തിലാണ് എസ്‌ഐടി അറസ്റ്റിലേക്ക് കടന്നത്. അന്വേഷണസംഘം ഇത് ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടയാണ് അന്വേഷണത്തെ ആകെ ബാധിക്കുന്ന തരത്തില്‍ ഒരു വിജിലൻസ് ജഡ്ജില്‍ നിന്ന് ചില പരാമർശങ്ങള്‍ ഉണ്ടായത്.കേസിൻ്റെ മെറിറ്റിലേക്ക് കടന്നുള്ള ഇത്തരം പരാമർശങ്ങള്‍ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാനാവുമെന്ന് നിയമവിദഗ്ദ്ധർ വ്യക്തമാക്കുന്നു. പരാമർശങ്ങള്‍ നീക്കം ചെയ്യാനോ ജാമ്യം തന്നെ റദ്ദാക്കാനോ ഹൈക്കോടതിക്ക് കഴിയും. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ എസ്‌ഐടിയിലെ ഉയർന്ന ഉദ്യോഗസ്ഥരുടേതായിരിക്കും അന്തിമ തീരുമാനം. എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചാല്‍ വിജിലൻസ് കേസുകള്‍ കൈകാര്യം ചെയ്യുന്ന സിംഗിള്‍ ബെഞ്ചാകും.
ശബരിമല സ്വര്‍ണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്‌ഐടിക്ക് നിയമോപദേശം
