പാലത്തായി പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ചട്ടം ലംഘിച്ച് സർക്കാർ പരോള്‍ അനുവദിച്ചു.ബലാത്സംഗക്കേസിലെ കുറ്റക്കാർക്ക് സാധാരണ പരോള്‍ അനുവദിക്കരുതെന്ന ജയില്‍ ചട്ടം ലംഘിച്ചാണ് സർക്കാർ പത്മരാജന് പരോള്‍ നല്‍കിയത്.തലശേരി പോക്സോ കോടതി ജീവിതാവസാനം വരെ തടവ് വിധിച്ച് മൂന്നു മാസം ആകുമ്ബോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സർക്കാർ ഇടപെടല്‍. ശിക്ഷ റദ്ദാക്കണമെന്ന പത്മരാജൻ്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ ആണ് അവധി അനുവദിച്ചിരിക്കുന്നത്.ഫ്രെബ്രുവരി മൂന്നിന് പത്മരാജൻ്റെ സഹോദരി മരണപ്പെട്ടിരുന്നു. ഇതില്‍ പങ്കെടുക്കാനായി മൂന്ന് ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാല്‍ സൂപ്രണ്ട് നല്കിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയില്‍ മേധാവിയും ചേർന്നാണ് കൂടുതല്‍ ദിവസത്തെ പരോള്‍ നല്‍കിയത്. ഫ്രെബ്രുവരി മൂന്നിന് ശേഷം പത്മരാജൻ ജയിലില്‍ തിരിച്ചെത്തിയിട്ടില്ല.പരോള്‍ അനുവദിച്ചത് ജയില്‍ ചട്ടത്തിന് വിരുദ്ധമെന്നാണ് ആരോപണം. ചട്ടത്തിലെ 307 വകുപ്പ് പ്രകാരം ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ഇത്തരത്തിലുള്ള സാധാരണ പരോളുകള്‍ അനുവദിക്കാൻ പാടില്ലയെന്നാണ്. മരണം ഉള്‍പ്പെടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ പരോള്‍ അനുവദിക്കാമെങ്കിലും ജയില്‍ സൂപ്രണ്ടിന് പരമാവധി 10 ദിവസവും, ഇതിനൊപ്പം സംസ്ഥാന സർക്കാരിന് അഞ്ച് ദിവസം കൂടി അധികമായി നല്‍കാം എന്നിങ്ങനെയാണ് കണക്ക്. ഇത് മറികടന്നാണ് പരോള്‍ അനുവദിച്ചത്. ഹൈക്കോടതിക്ക് പോലും ഇത്തരം കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്കുന്നതില് നിയമപരമായി തടസം നിലനില്‍ക്കെയാണ് സർക്കാർ ഇടപെടല്‍.പീഡനക്കേസില്‍ അധ്യാപകനായ ആർഎസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപര്യന്തത്തിനാണ് ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉള്‍പ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376AB IPC പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷൻ 5(f) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷൻ 5(l) പ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം നടത്തിയ ഗൂഢനീക്കങ്ങളെ മറികടന്നാണ് പാലത്തായി പീഡനക്കേസില്‍ കേസില്‍ പ്രതി കെ. പത്മരാജൻ കുറ്റക്കാരനാണെന്ന് പോക്സോ കോടതി കണ്ടെത്തിയത്.നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലമാക്കാനായിരുന്നു ഐ.ജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസില്‍ നിർണായകമായത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടക്കം കേസില്‍ പെണ്‍കുട്ടിയുടെ ഭാഗം ശരിയായി മനസിലാക്കിയല്ല ഇടപെട്ടതെന്ന് ആക്ഷേപം ഉണ്ടായിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കിടയിലും നിയമത്തെ വിശ്വസിച്ച് മുന്നോട്ടുപോയ കുടുംബത്തിൻ്റെ നിശ്ചയദാർഢ്യമാണ് ഒടുവില്‍ പ്രതിയെ കുടുക്കിയത്.
പാലത്തായി പോക്സോ കേസ്; ബിജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോള്‍
