ക്ഷേത്രോത്സവങ്ങളുടെ ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കുന്നത് തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിലെ തിരുപ്പൊരൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ സുപ്രധാന നിരീക്ഷണം. ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങൾ ജാതിബോധം വളർത്താനുള്ള വേദികളല്ലെന്നും, ജാതിചിന്ത ഉന്മൂലനം ചെയ്യാനാണ് അധികാരികൾ ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. എല്ലാവരെയും സമന്മാരായി കാണാനാണ് ഇന്ത്യ ഒരു റിപ്പബ്ലിക്കായതെന്ന് ഓർമ്മിപ്പിച്ച കോടതി, ഭരണഘടനയ്ക്ക് മുന്നിൽ എല്ലാവരും തുല്യരാണെന്നും കൂട്ടിച്ചേർത്തു.വിശ്വാസപരമായ കാര്യങ്ങളിൽ ക്ഷേത്ര ഭാരവാഹികൾ തീരുമാനമെടുക്കട്ടെ എന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് കോടതി ഈ ഉത്തരവിറക്കിയത്. ജാതി എന്നത് മനുഷ്യരുടെ മനസ്സിൽ മാത്രമാണെന്നും അത് പൊതുസംവിധാനങ്ങളിൽ പ്രതിഫലിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകി. ക്ഷേത്ര സമിതി അംഗങ്ങളുടെയും സംഘാടകരുടെയും പേരുകൾ നോട്ടീസിൽ അച്ചടിക്കുമ്പോൾ ജാതി സൂചിപ്പിക്കുന്ന വാലുകൾ ഒഴിവാക്കണമെന്ന് കോടതി ഉത്തരവിട്ടു. സാമൂഹിക സമത്വവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഈ വിധി വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
ക്ഷേത്രം ജാതി പ്രചരിപ്പിക്കാനുള്ളതല്ല’; ഉത്സവ നോട്ടീസുകളിൽ ജാതിപ്പേര് പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി
