ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന അധികാര ബന്ധങ്ങളില്‍ വിപ്ലവകരമായ പുനർനിർണ്ണയം ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് സമർപ്പിച്ചു.1991-ലെ സാമ്ബത്തിക പരിഷ്കാരങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഇന്ത്യൻ ഫെഡറല്‍ സംവിധാനത്തില്‍ ഘടനാപരമായ മാറ്റം വേണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതി ശുപാർശ ചെയ്തു. ബുധനാഴ്ച തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ റിപ്പോർട്ടിന്റെ ആദ്യഭാഗം മേശപ്പുറത്ത് വെച്ചു. രാജ്യം കൈവരിച്ച രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്ത രീതിയില്‍ കേന്ദ്രീകൃതമായ ഭരണസംവിധാനമാണ് നിലവിലുള്ളതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.ഭരണഘടനാ ഭേദഗതികളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിർണ്ണായകമായ അധികാരം നല്‍കണമെന്നതാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. ഏതൊരു ഭരണഘടനാ ഭേദഗതിക്കും ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുന്ന മൂന്നില്‍ രണ്ട് സംസ്ഥാനങ്ങളുടെ അംഗീകാരം വേണമെന്ന് സമിതി നിർദ്ദേശിക്കുന്നു. കൂടാതെ, സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കാനുള്ള പാർലമെന്റിന്റെ അധികാരത്തിന് കടിഞ്ഞാണ്‍ വേണമെന്നും പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുന്നത് നിരോധിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഗവർണർ നിയമനത്തില്‍ നിയമസഭ നിർദ്ദേശിക്കുന്ന മൂന്ന് പേരുകളില്‍ ഒരാളെ മാത്രമേ രാഷ്ട്രപതി നിയമിക്കാവൂ എന്നും ഗവർണറുടെ വിവേചനാധികാരത്തിന് വ്യക്തമായ പരിധികള്‍ നിശ്ചയിക്കണമെന്നും സമിതി ശുപാർശ ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ 3 പേരുകള്‍ നിര്‍ദേശിക്കും, അവരില്‍ നിന്ന് ഗവര്‍ണറെ നിയമിക്കണം; നിര്‍ദേശങ്ങളുമായി ജസ്റ്റിസ് കുര്യൻ ജോസഫ് റിപ്പോര്‍ട്ട്
