നവ കേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്കുന്ന കാര്യം സർക്കാർ പരിഗണനയില്‍.എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്പീലില്‍ കൂടി തിരിച്ചടിയേറ്റാല്‍ അത് പ്രതിപക്ഷം വലിയ വിഷയമാക്കി ഉയർത്തും എന്ന ആശങ്ക പാർട്ടിയിലെ ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്.പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തില്‍ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്.എന്നാല്‍ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്.ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ട്.വിധി പകർപ്പ് പരിശോധിച്ച ശേഷം എജി സർക്കാരിന് ഈ വിഷയത്തില്‍ നിയമോപദേശം നല്‍കും.നടപടിക്രമങ്ങളിലെ വീഴ്ച ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് അത് ശരിയാക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്.നിയമപദേശം അനുകൂലമായി കിട്ടിയാല്‍ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ നീക്കം.
നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി നടപടി: അപ്പീല്‍ നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍
