കൊച്ചി: പൊതുസ്ഥലത്തെ വൃക്ഷങ്ങളുടെ മൂല്യം നിർണയിക്കേണ്ടത് തദ്ദേശ വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അല്ലെന്നും ഇക്കാര്യത്തിൽ വേണ്ടത്ര അറിവുള്ള ആളായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുസ്ഥലത്തെ വൃക്ഷങ്ങളുടെ മൂല്യനിർണയച്ചുമതല തദ്ദേശവകുപ്പ് അസി. എൻജിനിയറെ ഏൽപ്പിച്ചതിനെതിരെ പാലക്കാട് സ്വദേശി കെ. സതീഷ്‌കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതുവിടങ്ങളിലെ മരങ്ങൾ അനിവാര്യമെങ്കിൽ മാത്രമേ മുറിക്കാവൂ എന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. മൂല്യനിർണയ ചുമതല തദ്ദേശവകുപ്പ് എൻജിനിയറെ ഏൽപ്പിച്ചാൽ അനിയന്ത്രിതമായി മരങ്ങൾ നശിപ്പിക്കാനിടയാകുമെന്ന് അഡ്വ.ടി. സഞ്ജയ് മുഖേന നൽകിയ ഹർജിയിൽ പറയുന്നു. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനാൽ ഹർജി 26ന് പരിഗണിക്കാൻ മാറ്റി.
വൃക്ഷങ്ങളുടെ മൂല്യം നിർണയിക്കേണ്ടത് എൻജിനിയറല്ലെന്ന് കോടതി
