ശബരിമല കേസിലെ വിധി ഹിജാബ് കേസടക്കം പലതിലും അതിനിർണായകം; അമിക്കസ് ക്യുറിക്ക് ഇത് രണ്ടാമൂഴം

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പല കേസുകളിലും അതിനിർണായകമാകും. നിലവിൽ ശബരിമല യുവതി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിൽപെട്ട പെൺകുട്ടികളുടെ ചേലാകർമ്മം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. മതാചാരങ്ങളിൽ കോടതികളുടേയും, സർക്കാരുകളുടേയും ഇടപെടൽ സംബന്ധിച്ച് സുപ്രീം കോടതി എടുക്കുന്ന നിലപാട് ഹിജാബ് നിരോധനമുൾപ്പടെയുള്ള വിഷയങ്ങളിലും നിർണായകമാകും.നിലവിൽ ഏഴ് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പുകളും തുല്യത സംബന്ധിച്ച വകുപ്പുകളും തമ്മിലുള്ള ബന്ധം.മതസ്വാതന്ത്ര്യം സംബന്ധിച്ച 25 (1)വകുപ്പിലെ ‘പൊതുക്രമം, ധാർമികത, ആരോഗ്യം’ എന്നത് വിവക്ഷിക്കുന്നത് എന്താണ് ?’ധാർമികത’, ‘ഭരണഘടനാ ധാർമികത’ എന്നീ പ്രയോഗങ്ങൾ ഭരണഘടനയിൽ നിർവചിച്ചിട്ടില്ല. ഇത് മൊത്തത്തിലുള്ള ധാർമികതയാണോ, അതല്ല മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമാണോ?ആചാരങ്ങൾ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ?മതസ്വാതന്ത്ര്യം സംബന്ധിച്ച വകുപ്പിലെ 25 (2) (ബി) യിൽ പറയുന്ന ‘ഹൈന്ദവ വിഭാഗങ്ങൾ’ എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ്?ഒരു മതത്തിന്റെ/ഒരു വിഭാഗത്തിന്റെ ‘ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങൾക്ക്’ ഭരണഘടനയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച 26ാം വകുപ്പിന്റെ സംരക്ഷണമുണ്ടോ?മതപരമായ ആചാരങ്ങളെ ആ മതത്തിലോ വിഭാഗത്തിലോ പെടാത്ത വ്യക്തി പൊതുതാൽപര്യ ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അനുവദിക്കണം?ഇതിൽ കൂടുതൽ വിഷയങ്ങൾ പരിഗണിക്കണമെങ്കിൽ അത് മാർച്ച് 14ന് മുമ്പ് അമിക്കസ് ക്യുറിക്ക് കൈമാറാൻ ആണ് സുപ്രീം കോടതി നിർദേശം. മലയാളിയായ സീനിയർ അഭിഭാഷകൻ കെ പരമേശ്വറിനെയാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ അമിക്കസ് ക്യുറിയായി നിയമിച്ചത്. ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു. ഗോദവർമ്മൻ തിരുമുൽപാട് കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിലെ അമിക്കസ് ക്യുറിയാണ്. ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട കേസ്, ജയിൽ പരിഷ്കരണം, തുടങ്ങിയ സുപ്രധാനമായ ഒരു ഡസനോളം കേസുകളിൽ കെ പരമേശ്വർ അമിക്കസ് ക്യുറി ആണ്. പരിസ്ഥിതി, ജുഡീഷ്യൽ നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും ഹാജരായിട്ടുണ്ട്.ശബരിമല യുവതീ പ്രവേശന ഹർജികളിൽ അഞ്ച് അംഗ ബെഞ്ചിന് മുമ്പാകെ അമിക്കസ് ക്യുറി ആയിരുന്ന സീനിയർ അഭിഭാഷകൻ രാജു രാമചന്ദ്രന് ഒപ്പം കെ. പരമേശ്വറും ഉണ്ടായിരുന്നു. അന്ന് യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് രാജു രാമചന്ദ്രൻ സ്വീകരിച്ചിരുന്നത്. എന്നാൽ നിലവിൽ സുപ്രീം കോടതി പരിഗണിക്കുന്നത് സുപ്രധാനാമായ ഭരണഘടന വിഷയങ്ങൾ ആണ്. യുവതീ പ്രവേശനത്തിന് അപ്പുറമുള്ള കേസുകൾ വിഷയം ഉള്ളതിനാൽ അമിക്കസ് ക്യുറിയുടെ മുൻ നിലപാട് പ്രസക്തമല്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ഹൈദരാബാദിലെ നാഷണൽ ലോ യൂണിവേർസിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ പരമേശ്വരന്റെ സ്‌കൂൾ വിദ്യാഭ്യാസം കൊച്ചി നേവൽ പബ്ലിക് സ്‌കൂളിലായിരുന്നു. സുപ്രീം കോടതി ജഡ്ജി പി.എസ്. നരസിംഹ സീനിയർ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലോ ക്ലർക്കായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *