‘അഭിപ്രായ സ്വാതന്ത്ര്യം കോടതികൾ സംരക്ഷിക്കണം’; കോൺഗ്രസ് എംപിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: സമൂഹ മാധ്യമത്തിലൂടെ കവിത പ്രചരിപ്പിച്ചതിന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. ഒരാൾ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം കോടതികൾ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അരക്ഷിതാവസ്ഥയിലുഉള്ള വ്യക്തികളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ വിലയിരുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കേസ് റദ്ദാക്കാൻ വിസ്സമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ കോടതികൾക്ക് ബാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. ചില അഭിപ്രായങ്ങളോട് ജഡ്ജിമാർക്ക് യോജിപ്പ് ഉണ്ടാകാതിരിക്കാം. എന്നാൽ ആ അഭിപ്രായങ്ങൾ പറയാൻ വ്യക്തികൾക്ക് ഉള്ള അവകാശം സംരക്ഷിക്കാൻ കോടതികൾക്ക് ബാധ്യത ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ജസ്റ്റിസ് മാരായ അഭയ് എസ് ഓക, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയത്.കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടിയെയും സുപ്രീം കോടതി വിമർശിച്ചു. ഭരണഘടന മൂല്യങ്ങൾ നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണം അരക്ഷിതാവസ്ഥയിൽ ഉള്ള വ്യക്തികളുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് വിലയിരുത്താൻ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എഴുതിയതും പറഞ്ഞതുമായ വാക്കുകളുടെ അർത്ഥം ആദ്യം മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.ഗുജറാത്തിലെ ജാംനഗറിൽ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച കവിതയുടെ വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെതിരെ ആയിരുന്നു കേസ്. കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയർമാനും എംപിയുമായ പ്രതാപ്ഗഡിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഗാനത്തിലെ വരികൾ ദേശീയ ഐക്യത്തിനു നിരക്കാത്തതും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *