ന്യൂഡൽഹി: സമൂഹത്തിന് ദോഷം വരുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ പരാതി പരിഹാര സംവിധാനം രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി സുപ്രീം കോടതി. 1954 ലെ ഡ്രഗ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ പരസ്യങ്ങൾ) ആക്ട് പ്രകാരം നിരോധിച്ചിരിക്കുന്ന പരസ്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകുന്നതിന് സംസ്ഥാന സർക്കാരുകൾ സംവിധാനങ്ങൾ സൃഷ്ടിക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രണ്ട് മാസത്തിനുള്ളിലാണ് പരാതി പരിഹാര സംവിധാനം ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് ബെഞ്ച് നിർദേശിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കാൻ 2024 മെയ് 7-നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പരസ്യം നൽകാൻ അനുവദിക്കുന്നതിന് മുമ്പ്, 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് നിയമങ്ങൾ അനുസരിച്ച് പരസ്യദാതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന് ഉത്തരവിട്ടു. കോവിഡ് വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങൾക്കുമെതിരെ പതഞ്ജലി അപവാദ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022 ൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പ്രശ്നം ഉയർന്നുവന്നത്.