കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി

ന്യൂഡൽഹി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ. 25000 രൂപയാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചത്. തെറ്റായ വിവരംനൽകി കോടതിയെ വിഡ്ഢിയാക്കാനാണോ ശ്രമമെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാൽ, വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണത്തിനായി നെതർലാൻഡ്സിൽ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി നെതർലാൻഡ്‌സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ, വിജിലൻസ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇന്ന് രാവിലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഈ വാദത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ എതിർത്തു. നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്രത്തിനയച്ച കത്തിന്റെ പകർപ്പ് ഇരുവരും കോടതിക്ക് കൈമാറി. തുടർന്ന് ഇക്കാര്യത്തിലെ വസ്തുത അറിയിക്കാൻ അഡീഷണൽ സോളിസിസ്റ്റർ ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു. ഉച്ചക്കുശേഷം കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു താൻ കോടതിയെ അറിയിച്ചത് തെറ്റായ വിവിവരമാണെന്ന് വ്യക്തമാക്കി.ഉദ്യോഗസ്ഥർ അറിയിച്ച വിവരമാണ് കോടതിയിൽ വ്യക്തമാക്കിയതെന്നായിരുന്നു വിശദീകരണം. പതിനായിരത്തിലധികം കേസുകൾ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടായ ചെറിയ തെറ്റ് ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ, ഈ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിധി പ്രസ്താവിച്ചെങ്കിൽ എന്തായിരുന്നു സംഭവിക്കുകയെന്ന് കോടതി ആരാഞ്ഞു. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്നും ബെഞ്ച് ചോദിച്ചു.ആദ്യം 50000 രൂപ പിഴയിടാനാണ് ബെഞ്ച് തീരുമാനിച്ചത്. എന്നാൽ, അഡീഷണൽ സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചതിനെത്തുടർന്ന് അത് 25000 ആയി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കാണ് വീഴ്ചപറ്റിയതെന്ന് അഡീഷണൽ സോളിസിസ്റ്റർ ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്ര സർക്കാരിനാണ് തങ്ങൾ പിഴ ഇടുന്നതെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരിൽനിന്ന് അത് ഈടാക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി.ഡ്രഡ്ജർ അഴിമതിക്കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനിയിലെ ഉദ്യോഗസ്ഥരിൽനിന്ന് മൊഴി രേഖപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ സഹായം കേരളം തേടിയിരുന്നു. കേരളത്തിന്റെ ഈ ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നെതർലാൻഡ്‌സിലെ ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹേഗിലെ ഇന്ത്യൻ എംബസി നെതർലാൻഡ് സർക്കാരിനോട് കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി. ഇതിനിടയിലാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി നെതർലാൻഡ്സിലേക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പേര് കൈമാറാൻ കേരള പോലീസിനോട് കേന്ദ്രം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *