കൊച്ചി : കൊലക്കേസിൽ 14 വർഷമായി ജയിലിൽ കഴിയുന്ന പ്രതിയെ കേസിന്റെ വിചാരണയിലെ നിയമപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി വിട്ടയച്ചു. പാമ്പാടി വെള്ളൂർ സ്വദേശി സി.ജി. ബാബുവിനെതിരെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കിയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിട്ടയച്ചത്.2011 സെപ്റ്റംബർ 18ന് ഓണാഘോഷത്തിനിടെ രാത്രി കോട്ടയം കുന്നേൽപ്പീടികയിൽ വിജീഷ് കുത്തേറ്റു മരിച്ച കേസിലാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വിചാരണ വേളയിൽ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പ്രതിയുടെ അഭാവത്തിൽ വിചാരണക്കോടതി ജഡ്ജി തന്നെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം നടത്തിയത് നിയമപരമായി തെറ്റാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തിലും വിസ്താരം നടത്തി.സെഷൻസ് കോടതിയിൽ കേസ് എത്തിയത് 2012 ജൂലൈയിലാണ്. വിധി പറഞ്ഞത് 2019 ഒക്ടോബറിലും. അന്വേഷണം, വിചാരണ, അപ്പീൽ സമയം എന്നിങ്ങനെ 14 വർഷത്തോളം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. അതിനാൽ കേസിൽ പുനർവിചാരണ നടത്തുന്നത് ന്യായമല്ല. അഭിഭാഷകന്റെ അഭാവത്തിൽ ഒന്നുമുതൽ ആറുവരെ സാക്ഷികളുടെ ക്രോസ് വിസ്താരം നടത്തിയത് പ്രതിയാണ്. കൂടാതെ കുറ്റം ചുമത്തിയതിനു ശേഷം കേസ് നൂറിലേറെ തവണ മാറ്റിവച്ചു.
വിചാരണയിൽ വീഴ്ച: കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം റദ്ദാക്കി; 14 വർഷമായി ജയിലിൽ കഴിയുന്ന പ്രതിയെ ഹൈക്കോടതി വിട്ടയച്ചു
