ഐ-പാക് റെയിഡ്, ഇഡിക്കെതിരായ എഫ്ഐആര്‍ നി‍ര്‍ത്തിവെക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി:രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലെ റെയിഡുമായി ബന്ധപ്പട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പശ്ചിമ ബംഗാൾ പൊലീസ് ചുമത്തിയ എഫ്‌ഐആര്‍ താൽക്കാലികമായി നിർത്തിവെക്കാനും, ജനുവരി എട്ടിനുണ്ടായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവ്.ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്ന ഐ-പാക് ഓഫീസിലെ പരിശോധന തടസ്സപ്പെടുത്തിയതായി ആരോപിച്ച് മമത ബാനർജിക്കും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ ഇഡി സമര്‍പ്പിച്ച ഹ‍ര്‍ജിയിലാണ് ഉത്തരവ്. പരാതി പരിഗണിച്ച ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും ജസ്റ്റിസ് വിപുൽ എം പഞ്ചോളിയും ഉൾപ്പെടുന്ന ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയച്ചു.സൂക്ഷ്മമായ ജുഡീഷ്യൽ പരിശോധന ആവശ്യമുള്ള “വളരെ ഗുരുതരമായ പ്രശ്നം”എന്നാണ് ബെഞ്ച് ഈ വിഷയത്തെ വിശേഷിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ പോലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഫെബ്രുവരി 3ന് അടുത്ത വാദം കേൾക്കൽ തീയതി വരെ സുപ്രീം കോടതി നിർത്തിവച്ചു.ജനുവരി 8ലെ സംഭവത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഒരു മാറ്റവുമില്ലാതെ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.ഇഡിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിന് മൂന്ന് ദിവസത്തെ സമയം നൽകി.ഇഡി റെയ്ഡുകളുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനിടെ കൊൽക്കത്ത ഹൈക്കോടതിയിൽ ഉണ്ടായ തടസ്സത്തിലും സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു.അഭിഭാഷകര്‍ തള്ളിക്കയറിയുണ്ടായ ബഹളം നിയന്ത്രിക്കാനാവാതെ കേസ് ജനുവരി 14വരെ മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർബന്ധിമായ സാഹചര്യം ഉണ്ടായിരുന്നു.കൽക്കരി കള്ളക്കടത്ത് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജനുവരി 8ന് സാൾട്ട് ലേക്കിലെ ഐ-പാക് ഓഫീസിലും അതിന്റെ ഡയറക്ടർ പ്രതീക് ജെയിനിന്റെ കൊൽക്കത്തയിലെ വസതിയിലും ഇഡി റെയിഡിന് എത്തിയതോടെയാണ് പ്രശ്നം ഉണ്ടായത്.ഈ സമയത്ത് തങ്ങളുടെ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയെന്ന് ഇ ഡി അവകാശപ്പെടുന്നു. ഐ –പാക്കിൽ റെയ്‌ഡ്‌ നടത്തി തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടിക അടക്കം കേന്ദ്ര സർക്കാരിന്‌ എത്തിച്ചു കൊടുക്കാനാണ് ഇഡി ശ്രമിച്ചതെന്നാണ് മമത ബാന‍ര്‍ജി പ്രതികരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *