മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാൻഡില്‍. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റിമാൻഡിലായ രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി.ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 11.30യ്ക്കാണ് രാഹുലിനെ എആർ ക്യാമ്ബില്‍ നിന്ന് പുറത്തെത്തിച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയത്. രാഹുലിനെ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ജനറല്‍ ആശുപത്രിക്ക് മുന്നിലുണ്ടായത്. എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.നിരവധി പ്രവർത്തകരാണ് ആശുപത്രിക്ക് മുന്നിലേക്ക് ഇരച്ചെത്തിയത്. രാഹുല്‍ രാജിവയ്ക്കണമെന്ന് ഇരു സംഘടനാ പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു. കൂക്കുവിളിയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അകത്തുകയറ്റിയ രാഹുലിനെ കനത്ത പ്രതിഷേധത്തെ തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് പൊലീസിന് പുറത്തിറക്കാനായത്. ആശുപത്രിയുടെ രണ്ട് കവാടങ്ങളിലും വലിയ പ്രതിഷേധം അലയടിച്ചതോടെ രാഹുലിനെ പുറത്തിറക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു.
മൂന്നാം ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാൻഡില്‍
