ന്യൂഡൽഹി :ഭിന്നശേഷിക്കാർക്കു സംവരണം ചെയ്യപ്പെട്ട തസ്തികകൾ ഒഴിച്ചിട്ടു ശേഷിക്കുന്നവയിൽ സ്ഥിരനിയമനം നടത്താൻ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെയും അനുവദിക്കണമെന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നായർ സർവീസ് സൊസൈറ്റിക്ക് (എൻഎസ്എസ്) അനുകൂലമായി ലഭിച്ച സുപ്രീം കോടതി ഉത്തരവ് എല്ലാവർക്കും ബാധകമാക്കണമെന്നാണു സത്യവാങ്മൂലം. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.സംസ്ഥാനത്ത് 5729 മാനേജ്മെന്റ് സ്കൂളുകളുടെ നിയമന വിഷയത്തിൽ നിർണായകമാകും കോടതിയുടെ തീരുമാനം. ഇത്രയും സ്കൂളുകളിലായി 20,000–ൽപരം ജീവനക്കാർ ദിവസ വേതനാടിസ്ഥാനത്തിലോ, താൽക്കാലിക ശമ്പള വ്യവസ്ഥയിലോ ജോലി ചെയ്യുന്നുണ്ട്. 4108 മാനേജ്മെന്റുകളാണ് ഇനിയും ഭിന്നശേഷി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു നിയമനത്തിനായി കാത്തിരിക്കുന്ന 2108 ഭിന്നശേഷിക്കാരായ അധ്യാപകരുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഭിന്നശേഷി നിയമന അനുമതി എല്ലാ മാനേജ്മെന്റുകൾക്കും നൽകണം; കേരളം സുപ്രീം കോടതിയിൽ
