2025-ൽ സുപ്രീം കോടതി തിരുത്തിയതിലേറെയും ജസ്റ്റിസ് പർദിവാലയുടെ ഉത്തരവുകൾ

ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഒട്ടേറെ സുപ്രധാന വിധികൾ അവർതന്നെ പിൻവലിക്കുകയോ ഭേദഗതി വരുത്തുകയും ചെയ്തവർഷമാണിത്. അതിൽ ഏറ്റവും കൂടുതൽ തിരുത്തലിന് വിധേയമായത് 2028 മേയ് മുതൽ രണ്ടുവർഷം ചീഫ് ജസ്റ്റിസ് പദവിയിലിരിക്കേണ്ട ജസ്റ്റിസ് ജെ.ബി. പർദിവാലയുടെ ബെഞ്ചിന്റെ ഉത്തരവുകളാണ്.അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രശാന്ത് കുമാറിനെതിരേ ജസ്റ്റിസ് പർദിവാല നടത്തിയ നിരീക്ഷണങ്ങൾ വിമർശനമുണ്ടാക്കി. ഒരു സിവിൽ തർക്കക്കേസിൽ ജസ്റ്റിസ് പ്രശാന്ത് കുമാർ ക്രിമിനൽ നടപടികൾ അനുവദിച്ചതായിരുന്നു വിമർശനത്തിന് കാരണം. അഭിഭാഷകർ പരാതിപ്പെട്ടതോടെ ചീഫ് ജസ്റ്റിസായിരുന്ന ബി.ആർ. ഗവായ് ഇടപെട്ട് ജസ്റ്റിസ് പർദിവാലയെക്കൊണ്ട് വിവാദ നിരീക്ഷണങ്ങൾ പിൻവലിപ്പിച്ചു.ഡൽഹിയിലെ മുഴുവൻ തെരുവുനായകളെയും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് പർദിവാല ഉത്തരവിട്ടിരുന്നു. എതിർപ്പും പരാതികളും പരിഗണിച്ച് വിഷയം ചീഫ് ജസ്റ്റിസ് മൂന്നംഗബെഞ്ചിന് വിടുകയും ഉത്തരവിലെ പ്രധാനഭാഗങ്ങളിൽ ഭേദഗതി വരുത്തുകയും ചെയ്തു.ഹിമാചൽപ്രദേശിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേ, ഇങ്ങനെപോയാൽ സംസ്ഥാനം പൂർണമായും ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാകുമെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞിരുന്നു. വിവാദമായതോടെ ഈ വിഷയവും ചീഫ് ജസ്റ്റിസ് മൂന്നംഗബെഞ്ചിന് വിട്ടു.രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയക്രമം നിശ്ചയിച്ചുകൊണ്ടുള്ള വിധിയും ജസ്റ്റിസ് പർദിവാല അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *