മുംബൈ: മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ വർധിച്ചുവരുന്ന അനധികൃത നിർമ്മാണങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി ബോംബെ ഹൈക്കോടതി. നഗരസഭകളുടെ പ്രവർത്തനത്തിൽ ശക്തമായ അന്വേഷണം ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി, അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചു.ജസ്റ്റിസ് എം.എസ്. സോനാക്, ജസ്റ്റിസ് കമൽ ഖാട്ട എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. നഗരത്തിലെ പലയിടങ്ങളിലും നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിടങ്ങൾ ഉയരുന്നത്. പരാതികൾ ലഭിച്ചാലും നടപടിയെടുക്കാൻ അധികൃതർ വൈകുന്നത് നിയമലംഘകർക്ക് വളമാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.നഗരസഭാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ ഇത്തരം നിർമ്മാണങ്ങൾ നടക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അനധികൃത നിർമ്മാണങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്ന മുൻസിപ്പൽ കമ്മീഷണർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.ഓരോ നഗരസഭയും തങ്ങളുടെ പരിധിയിലുള്ള അനധികൃത കെട്ടിടങ്ങളെക്കുറിച്ചും അവയ്ക്കെതിരെ എടുത്ത നടപടികളെക്കുറിച്ചും കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് അടുത്ത മാസത്തേക്ക് മാറ്റി
അനധികൃത നിർമ്മാണം: നഗരസഭകൾക്കെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി
