ചെന്നൈ: തമിഴ് സിനിമ ‘പരാശക്തി’യുടെ കഥ മോഷ്ടിച്ചുവെന്ന പരാതിയിൽ നിർമാതാവിനോടും കഥാകൃത്തിനോടും വിശദീകരണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. പരാശക്തിയുടെ നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് ഉടമ, സംവിധായികയും തിരക്കഥാകൃത്തുമായ സുധ കൊങ്കര, തമിഴ് ഫിലിം റൈറ്റേഴ്സ് അസോസിയേഷൻ എന്നിവരിൽനിന്നാണ് വിശദീകരണം തേടിയത്.ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച പരാശക്തി ജനുവരി 10-നാണ് റിലീസ്. ഹർജിയുടെപേരിൽ പ്രദർശനം തടയാൻ കോടതി തയ്യാറായില്ല. കെ.വി. രാജേന്ദ്രൻ എന്ന വരുൺ രാജേന്ദ്രനാണ് തന്റെ കഥ മോഷ്ടിച്ചുവെന്നാരോപിച്ച് ഹർജി സമർപ്പിച്ചത്.സംസ്ഥാനത്തുനടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം ചിത്രീകരിക്കുന്ന ‘ചെമ്മൊഴി’ എന്ന താൻ എഴുതിയ കഥ 2010-ൽ തമിഴ് ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതാണ് ഇപ്പോൾ മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതെന്നും രാജേന്ദ്രൻ ആരോപിച്ചു. ചില പ്രമുഖ സംവിധായകരുമായും നിർമാതാക്കളുമായും കഥ പങ്കുവെച്ചിട്ടുണ്ട്. ഇതൊക്കെ അറിയാമായിരുന്നിട്ടും സുധ കൊങ്കര മോഷണം നടത്തുകയായിരുന്നു.അതിനാൽ സിനിമയുടെ റിലീസ് തടയണമെന്നും ‘ചെമ്മൊഴി’ എന്ന കഥയും ‘പരാശക്തി’ എന്ന സിനിമയുടെ കഥയും തിരക്കഥയും പരിശോധിക്കാൻ വിദഗ്ധസമിതിയുണ്ടാക്കാൻ തമിഴ് ഫിലിം റൈറ്റേഴ്സ് അസോസിയേഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ അന്വേഷണം നടത്തി ജനുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ് ഫിലിം റൈറ്റേഴ്സ് അസോസിയേഷനോട് ജഡ്ജി നിർദേശിച്ചു.
പരാശക്തി’ കഥ മോഷണമെന്ന് പരാതി; സുധ കൊങ്കരയിൽനിന്ന് വിശദീകരണം തേടി ഹൈക്കോടതി
