ന്യൂഡൽഹി: വിധികൾ മറ്റൊരു ബെഞ്ച് മറികടക്കുന്ന പ്രവണത അടുത്തകാലത്തായി കൂടിവരുന്നത് വേദനാജനകമാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും അഗസ്റ്റിൻ ജോർജ് മസീഹുമടങ്ങിയ ബെഞ്ചാണ് നിയമലോകത്ത് ചർച്ചയായേക്കാവുന്ന സുപ്രധാന നിരീക്ഷണം നടത്തിയത്. രാഷ്ട്രപതിക്കും ഗവർണർക്കും സമയക്രമം നിശ്ചയിക്കൽ, പദ്ധതികൾക്ക് മുൻകൂർ പാരിസ്ഥിതികാനുമതി, ഡൽഹിയിലെ പടക്കനിരോധനം, തെരുവുനായപ്രശ്നം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അടുത്തിടെ സുപ്രീംകോടതി പഴയ നിലപാടിൽ മാറ്റം വരുത്തിയിരുന്നു.തങ്ങളുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് മറ്റൊരു ബെഞ്ചിന് തോന്നിയതുകൊണ്ടുമാത്രം വിധികൾ തിരുത്തപ്പെടുകയാണെങ്കിൽ ഒരു തീരുമാനവും അന്തിമമാകില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അങ്ങനെവരുന്നത് ഭരണഘടനയുടെ 141-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയിൽ നിക്ഷിപ്‌തമായ അധികാരംതന്നെ ഇല്ലാതാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പുനൽകി. അതിന്റെ മുഖ്യലക്ഷ്യമില്ലാതാകും. തന്റെ ജാമ്യനിബന്ധനയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത സ്വദേശി നൽകിയ ഹർജി തള്ളിയാണ് ബെഞ്ചിന്റെ നിരീക്ഷണം.
വിധി മറ്റൊരു ബെഞ്ച് തിരുത്തുന്നത് പെരുകുന്നു, അങ്ങനെയായാല്‍ ഒരു തീരുമാനവും അന്തിമമാകില്ല – സുപ്രീംകോടതി
