നവജാത ശിശുക്കള്‍ അടക്കമുള്ള ആകെ 3.5 കോടി കേരള ജനസംഖ്യയില്‍ ഒരു വർഷം അഞ്ചിലൊരാള്‍ക്കെങ്കിലും മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ കണ്ടെത്തുന്നതും എ.ഐ ക്യാമറ പിടികൂടുന്നതുമായ നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴ 90 ദിവസങ്ങള്‍ക്കുള്ളില്‍ അടയ്ക്കണമെന്നാണ് ചട്ടം. ഇ ചെലാന്‍ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളെ സംബന്ധിച്ച് രജിസ്‌ട്രേഡ് മൊബൈല്‍ നമ്പരില്‍ സന്ദേശമെത്തും. നിശ്ചിത സമയത്തിനുള്ളില്‍ പണമടച്ചില്ലെങ്കില്‍ കേസുകള്‍ വിര്‍ച്വല്‍ കോടതിയിലേക്ക് മാറും. 60 ദിവസത്തിനുള്ളില്‍ വിര്‍ച്വല്‍ കോടതിയില്‍ പണമടച്ചില്ലെങ്കില്‍ കേസുകള്‍ സി.ജെ.എം കോടതിയിലേക്കു പോകും. നിലവില്‍ ഓവര്‍ലോഡിംഗുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമാണ് സി.ജെ.എം കോടതിയിലേക്ക് മാറ്റിയത്.
കേസുണ്ടോയെന്ന് എങ്ങനെ അറിയാം….?
വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പലര്‍ക്കും കേസ് സംബന്ധിച്ച സന്ദേശം എത്താറില്ല. മൊബൈലില്‍ സന്ദേശമെത്തിയില്ലെന്ന് കാട്ടി പിഴയൊടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാനുമാകില്ല. വാഹനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങളും ഇതുമൂലം തടസപ്പെടാറുണ്ട്. നിങ്ങളുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ കേസുണ്ടോയെന്ന് എങ്ങനെ പരിശോധിക്കും. https://echallan.parivahan.gov.in/index/accused-challan എന്ന ലിങ്കിലെത്തി വാഹന നമ്പര്‍ അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പേരില്‍ കേസുകളുണ്ടോ എന്നറിയാം.