ന്യൂഡൽഹി: രാജസ്ഥാനിലെ 10 സ്വകാര്യ ഡെന്റൽ കോളേജുകൾക്ക് 10 കോടി രൂപ വീതം പിഴ വിധിച്ച് സുപ്രീം കോടതി ഉത്തരവ്. പ്രവേശന നടപടികളിലെ നിയമലംഘനങ്ങളെയും അഴിമതിയെയും തുടർന്നാണ് ജസ്റ്റിസുമാരായ വിജയ് ബിഷ്‌ണോയ്, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പിഴ വിധിച്ചത്.2016-17 അധ്യയന വർഷത്തിലെ ബി.ഡി.എസ് (BDS) പ്രവേശനത്തിനായി, നീറ്റ് യോഗ്യതാ മാർക്ക് കൃത്യമായ അനുമതിയില്ലാതെ രാജസ്ഥാൻ സർക്കാർ കുറച്ചിരുന്നു. ആദ്യം 10 ശതമാനവും പിന്നീട് 5 ശതമാനവുമാണ് കുറച്ചത്.ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ (DCI) നിശ്ചയിച്ച നിശ്ചിത നിലവാരം ഇല്ലാത്ത വിദ്യാർഥികൾക്ക് ഇതിലൂടെ പ്രവേശനം ലഭിച്ചു. കൂടാതെ, അനുവദിച്ചതിലും കൂടുതൽ വിദ്യാർഥികളെ കോളേജുകൾ പ്രവേശിപ്പിക്കുകയും ചെയ്തു.ശരിയായ നടപടികൾ പാലിക്കാത്തതിനും കേന്ദ്ര ഗവൺമെന്റിന്റെയും ഡി.സി.ഐയുടെയും നിർദേശങ്ങൾ യഥാസമയം അറിയിക്കാത്തതിനും രാജസ്ഥാൻ സർക്കാരിനോട് 10 ലക്ഷം രൂപ പിഴയായി അടയ്ക്കാൻ കോടതി നിർദ്ദേശിച്ചു.
പ്രവേശന ക്രമക്കേട്: രാജസ്ഥാനിൽ 10 ഡെന്റൽ കോളേജുകൾക്ക് 10 കോടി രൂപ വീതം പിഴ വിധിച്ച് സുപ്രീം കോടതി
