ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി. സുപ്രീം കോടതി വെബ്സൈറ്റിലാണ് റിപ്പോർട്ട് അപ്ലോഡ് ചെയ്തത്. തെളിവുകളടങ്ങുന്ന റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. പണം കണ്ടെത്തിയതിന്റെ ഫോട്ടോയും ഒപ്പം യശ്വന്ത് വർമയുടെ വിശദമായ പ്രതികരണവും പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് എ.എസ് ഓഖ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹൈക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്.