മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിന് അഷറഫിന് 11വര്‍ഷവും 9 മാസവും, രണ്ടാം പ്രതി ശിഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും, ആറാം പ്രതി നിഷാദിന് 3 വര്‍ഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന 12 പേരെ കോടതി വെറുതെ വിട്ടു. ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധി പറഞ്ഞത്.
2020 ഒക്ടോബറില്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന് മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്. മുഖ്യപ്രതി ഷൈബിന് അഷ്റഫ് ഉള്‍പ്പെടെ 15 പ്രതികളാണ് കേസിലുള്ളത്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വ്വം കൊലക്കേസ് ആണ് ഷാബ ഷെരീഫ് കേസ്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. മൃതദേഹമോ മൃതദേഹ ഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്ത കേസില്‍ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാകും. കേസില്‍ 80 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
