ഒളിച്ചോടിയ സ്ഥാനാര്‍ഥി ഹാജര്‍; ആണ്‍സുഹൃത്തിനൊപ്പം വിട്ടു കോടതി

വിവാദങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥി പോലീസ് സ്റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം ആണ്‍സുഹൃത്തിനോടൊപ്പം കോടതി വിട്ടയച്ചു.ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്ബതാം വാർഡ് സ്ഥാനാർഥിയും മുസ്ലിംലീഗ് പ്രവർത്തകയുമായ മേക്കുന്ന് മത്തിപ്പറമ്ബ് തൈപ്പറമ്ബത്ത് അറുവയാണ് ( 32) ഇന്നലെ വൈകുന്നേരം ചൊക്ലി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. അറുവയെ കാണാനില്ലെന്നും ബിജെപി പ്രവർത്തകന്റെ കൂടെ പോയതായും കാണിച്ച്‌ മാതാവ് നജ്മ നല്‍കിയ പരാതിയിലാണ് ചൊക്ലി പോലീസ് കേസെടുത്തിരുന്നത്.ആണ്‍സുഹൃത്ത് വലിയാണ്ടി പീടിക തൊണ്ടിയിന്റവിട താഴെ കുനിയില്‍ റോഷിത്തിനോടൊപ്പം സ്റ്റേഷനില്‍ ഹാജരായ അറുവയെ രാത്രിയില്‍ തലശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുമ്ബില്‍ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് ആണ്‍ സുഹൃത്തിനൊപ്പം പോകാൻ കോടതി അനുമതി നല്‍കിയത്. മുസ്ലിംലീഗ് പ്രവർത്തകയായ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ബിജെപി മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു. കാവി മുണ്ടുടുക്കുകയും തങ്ങളുടെ പ്രവർത്തകർക്കൊപ്പം നടക്കുകയും ചെയ്യാറുള്ള റോഷിത്ത് തങ്ങളുടെ പ്രവർത്തകനല്ല. റോഷിത്തും കുടുംബവും സിപിഎം ആണെന്നും ഹരിദാസ് വ്യക്തമാക്കി. ആദ്യ വിവാഹത്തില്‍ മക്കളുള്ള യുവതി ഒളിച്ചോട്ടം വിവാദമായതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍നിന്നു വിട്ടു നിന്നതായി നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *