നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ 6 വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; ദിലീപിനെ വെറുതെവിട്ടു

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞു. കേസിലെ പത്ത് പ്രതികളില്‍ ആദ്യ ആറ് പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി.പള്‍സർ സുനിയടക്കമുള്ള പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞു. അതേസമയം എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടു.എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കം എല്ലാം പ്രതികളും കോടതിയില്‍ നേരത്തെ ഹാജരായിരുന്നു. ദിലീപ് ആദ്യം തന്റെ അഭിഭാഷകനായ അഡ്വ. രാമൻ പിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. പിന്നീട് അഭിഭാഷകർക്കൊപ്പം കോടതിയിലേക്ക് പോകുകയായിരുന്നു.കേസില്‍ പള്‍സർ സുനിയാണ് ഒന്നാം പ്രതി. പള്‍സർ സുനി, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ് സിപി, സലീം, പ്രദീപ്, ചാർളി തോമസ്, ദിലീപ്, സനല്‍കുമാർ, ശരത് ജി നായർ എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവം നടന്ന് 3215 ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്.ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം ചുമത്താനായില്ലെന്ന് കോടതി വിധിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *