കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യഡിയൂരപ്പ പ്രതിയായ പോസ്കോ കേസില്‍ പ്രത്യേക കോടതിയുടെ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.വ്യവഹാരം പതിവാക്കിയ ഒരു സ്ത്രീയാണ് 2024 മാർച്ച് പതിനാലിന് യഡിയൂരപ്പയ്ക്ക് എതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. പതിനേഴുകാരിയായ തന്റെ മകളെ യഡിയൂരപ്പ മാനഭംഗപ്പെടുത്തി എന്നായിരുന്നു പരാതി. മകളെയും കൂട്ടി ആ സ്ത്രീ ഒരു സഹായം അഭ്യർത്ഥിച്ചുകൊണ്ട് യഡിയൂരപ്പയുടെ ബംഗളുരുവിലെ ഡോളർ കോളനിയിലെ വീട്ടില്‍ ചെന്നിരുന്നു. ആ അവസരത്തില്‍ മകളെ യഡിയൂരപ്പ അകത്തേ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടത്. ലോകസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബായിരുന്നു അത്. രാഷ്ട്രീയ മുതലെടുപ്പിനുള്ള സാധ്യത മുന്നില്‍ കണ്ട സിദ്ധരാമയ്യ ഗവണ്മെന്റ് യഡിയൂരപ്പയുടെ പ്രായമോ സമൂഹത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനമോ പരിഗണിക്കാതെ പോസ്കോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം സി ഐ ഡിയ്ക്ക് വിട്ടു. ( രാഷ്ട്രീയ ഗൂഡാലോചന യുടെ ഭാഗമാണ് പരാതിയെന്ന് ബിജെപി ആരോപിച്ചിരുന്നു) ആ സംഭവം നടന്നു എന്നുപറയുന്ന സമയത്ത് യഡിയൂരപ്പയുടെ സഹായികളും സന്ദർശകരുമുള്‍പ്പെടെ കുറേപ്പേരുണ്ടായിരുന്നു. പണം വാഗ്ദാനം ചെയ്ത് സംഭവം ഒതുക്കിത്തീർക്കാൻ പിന്നീട് യഡിയൂരപ്പ ശ്രമം നടത്തി എന്നും പരാതിയിലുണ്ട്. യഡിയൂരപ്പയെ കുടുക്കി ബിജെപിയെ ദുർബ്ബലപ്പെടുത്താനുള്ള അവസരമാണ് കോണ്‍ഗ്രസ്സ് ഗവണ്മെന്നിന് കൈവന്നത്. അതിന് മുമ്ബും ചില പ്രമുഖരുടെ പേരില്‍ ആ സ്ത്രീ സമാന പരാതികള്‍ നല്‍കിയിരുന്നു. യഡിയൂരപ്പയ്ക്ക് എതിരായ പരാതിയില്‍ ഉറച്ചുനില്ക്കാൻ അവർക്ക് മേല്‍ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നത്രെ. കേസില്‍ ഗവണ്മെന്റ് പ്രത്യേക താല്പര്യമെടുത്തു. മാരകരോഗം ബാധിച്ചിരുന്ന പരാതിക്കാരി അതിനിടയില്‍ മരണമടഞ്ഞെങ്കിലും അവരുടെ സഹോദരൻ കേസുമായി മുന്നോട്ടുപോയി. ആരോപിക്കപ്പെട്ട കുറ്റം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ പ്രത്യേക കോടതി നടപടികള്‍ ആരംഭിച്ചു. യഡിയൂരപ്പ നേരിട്ട് ഹാജരാകണമെന്നാണ് പ്രത്യേകകോടതി നിർദ്ദേശിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യഡിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിലും നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് യഡിയൂരപ്പയെ ഒഴിവാക്കാനാവുമോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അതുംകൂടി പരിഗണിച്ചുകൊണ്ട് പ്രത്യേക കോടതി വിചാരണ നടപടി ആരംഭിച്ചു. യഡിയൂരപ്പയ്ക്കും മറ്റു പ്രതികള്‍ക്കും നോട്ടീസയച്ചു. എഫ് ഐ ആർ റദ്ദാക്കാനുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയതിനെ തുടർന്നാണ് യഡിയൂരപ്പ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത് എണ്‍പത്തിരണ്ടുകാരനായ യഡിയൂരപ്പയ്ക്ക് തെല്ലാശ്വാസം പകർന്നിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര യാണ് അദ്ദേഹത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
യഡിയൂരപ്പയ്ക്ക് എതിരായ പോസ്കോ കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
